തിരുവനന്തപുരം (9-12-2025): സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പിയും. ബിജെപിക്ക് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളതെന്നും, ഭരണം മാറുമെന്നും, തിരുവനന്തപുരവും പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം ഞങ്ങൾ തന്നെ എടുക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ശാസ്തമംഗലം ബൂത്ത് നമ്പർ മൂന്നിൽ വോട്ട് ചെയ്യാനെത്തിയപ്പോളാണ് ഇക്കാര്യം പറഞ്ഞത്.
ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് സുരേഷ്‌ഗോപി വോട്ട് ചെയ്യാനെത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും രാവിലെ ഏഴുമണിക്ക് എത്തി വോട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് എത്തി വോട്ട് ചെയ്തപ്പോള്‍ മാത്രമാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതീക്ഷയല്ല, ഇത്തവണ എടുക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
















