തിരുവനന്തപുരം : കേരളത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സ്വന്തം പരാജയം തുറന്നു സമ്മതിക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പുറത്തിറക്കിയ പ്രസ്താവന. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എതിരാളികള്‍ ബിജെപി മാത്രമാണെന്ന് സിപിഎം സമ്മതിക്കുന്നു. കാരണം, കോണ്‍ഗ്രസും സിപിഎമ്മും രണ്ട് അല്ലല്ലോ അവരൊന്നാണ്.
ബിജെപിയുടെ വോട്ടിംഗ് ശതമാനത്തെപ്പറ്റിയുള്ള സിപിഎമ്മിന്റെ ആശങ്ക ഭയത്തില്‍ നിന്ന് ഉണ്ടായതാണ്. നാല് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം നഗരസഭ പാര്‍ട്ടി സ്വത്തുപോലെ കയ്യില്‍ വെച്ച് അനുഭവിക്കുകയും കയ്യിട്ട് വാരുകയും ചെയ്തത് പുറത്തുവന്നു തുടങ്ങി. ഇനി മുന്നോട്ട് അഴിമതി നടത്താന്‍ സാധിക്കില്ല എന്ന ബോധ്യമാണ് ആ ഭയത്തിന് പിന്നില്‍.
1982ല്‍ തങ്ങള്‍ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ ഘട്ടം ഘട്ടമായി ബിജെപി വളര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20% ത്തോളം വോട്ട് നേടാന്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞത് ജനമനസുകളില്‍ ഞങ്ങളുടെ വികസന രാഷ്‌ട്രീയം സ്ഥാനം പിടിച്ചതുകൊണ്ടാണ്.
ആ വളര്‍ച്ചയെ തടയാന്‍ നിങ്ങള്‍ പല രീതിയില്‍ കൂട്ടുകെട്ട് ഉണ്ടാക്കി, അതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരുവനന്തപുരത്തെയും തൃശൂരിലെയും മാത്രമല്ല, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തവണ എന്‍ഡിഎയ്‌ക്ക് ഒപ്പം നില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ശബരിമലയും വികസനവും ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമല്ല. തെരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ രണ്ടു കാര്യങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നിലപാട് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. 2018ല്‍ ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് കേരളത്തിലെ ജനങ്ങളുടെ വൈകാരിക വിഷയം ആണെന്ന് ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമെങ്കിലും സിപിഎമ്മിന് തിരിച്ചറിയാന്‍ കഴിഞ്ഞത് നല്ല കാര്യമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി കൊണ്ടാണ് പ്രത്യക്ഷത്തില്‍ ശബരിമലയോടും അയ്യപ്പ വിശ്വാസികളോടുമുള്ള നിങ്ങളുടെ വിരോധം തല്‍ക്കാലത്തേക്കെങ്കിലും മറച്ചു പിടിച്ച് അയ്യപ്പഭക്ത സംഗമമെന്ന പി.ആര്‍. പരിപാടികളുമായി ജനങ്ങളെ പറ്റിക്കാന്‍ നിങ്ങള്‍ ശ്രമിച്ചതെന്ന് ഞങ്ങള്‍ക്കറിയാം.
ആചാരങ്ങള്‍ തകര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ക്ഷേത്രം കൊള്ളയടിച്ച് ഇല്ലാതാക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. പ്രളയത്തിന്റെയും കോവിഡിന്റെയും നിയന്ത്രണങ്ങളുടേയും മറവില്‍ ശബരിമല മുഴുവന്‍ നിങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ആദ്യം ശ്രമിച്ചത് സിപിഎം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പമ്പയില്‍ അയ്യപ്പ സംഗമം നടത്തി ഭക്തരുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് തേടാനുള്ള ശ്രമം പരാജയപ്പെടുക മാത്രമല്ല, സഖാക്കള്‍ ശബരിമലയില്‍ നടത്തിയ സ്വര്‍ണമോഷണം പുറത്തുവന്നതും പൊതുസമൂഹത്തിന് മുന്നില്‍ നിങ്ങളെ തുറന്നു കാട്ടുന്നതാണ്. സന്നിധാനം മുതല്‍ സഹകരണ ബാങ്ക് വരെയും, കട്ടിളപ്പാളി മുതല്‍ കിച്ചന്‍ ബിന്‍ വരെയും നടത്തിയ അഴിമതികള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
ബിജെപി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു വിധ ആശങ്കയും വേണ്ട. കേരളത്തില്‍ സ്വന്തം ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ബിജെപിക്കാണ്.സ്വന്തം പാര്‍ട്ടി ഭാരവാഹികള്‍ പോലും അരിവാള്‍ചുറ്റികനക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറാകാത്ത സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്.3000ത്തിലധികം സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് ഇടത് സ്വതന്ത്രരായിട്ടാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ തോല്‍പ്പിക്കുന്നുവെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ട്.
ബിജെപി 19,262 സീറ്റുകളില്‍ താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്കതില്‍ വലിയ അഭിമാനമുണ്ട്. സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പതിനാലായിരം മാത്രമാണ് (14,802) എന്നോര്‍ക്കണം. 21,065 സ്ഥാനാര്‍ത്ഥികള്‍ എന്‍ഡിഎയ്‌ക്ക് വേണ്ടി ഈ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കേരളത്തില്‍ വളര്‍ച്ച ബിജെപിക്കാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് വിറളി പൂണ്ട സിപിഎം പരാജയം മുന്നില്‍കണ്ട് നുണപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ബിജെപി വളരുന്നു എന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖകള്‍ എങ്കിലും മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള സഖാക്കള്‍ ഇടയ്‌ക്ക് തുറന്നു നോക്കണം. അപ്പോള്‍ യാഥാര്‍ത്ഥ്യബോധം ലഭിക്കും.
കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ഒരു കുടക്കീഴില്‍ അണിചേരുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ കാലാകാലങ്ങളായി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന ഒത്തുകളിയുടെ രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. പരസ്യമായി കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാലും തിരുവനന്തപുരത്തേയും കേരളത്തിലെയും ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അപ്രസക്തമാവുന്നത് സിപിഎമ്മാണ്. ഏറ്റവും ഒടുവില്‍ നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ജനങ്ങള്‍ നിങ്ങളെ എഴുതി തള്ളിയതാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അവസാന കച്ചിത്തുരുമ്പായ കേരളവും നിങ്ങളുടെ പൊള്ളത്തരങ്ങളും കഴിവില്ലായ്‌മയും തിരിച്ചറിഞ്ഞുകഴിഞ്ഞു. ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലാണ് കേരളവും.
2036ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ എത്തും എന്നതും അതില്‍ ഒരു വേദി തിരുവനന്തപുരം ആകും എന്നതും പറയാന്‍ ബിജെപിക്കുള്ള ധൈര്യം ഞങ്ങളുടെ നേതൃത്വത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണ്. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മാറിമാറി ഭരിച്ച ഈ നാട്ടില്‍ നടക്കില്ലെന്ന് കരുതിയ നൂറുകണക്കിന് വികസന പദ്ധതികള്‍ ഇന്ന് നിഷ്പ്രയാസം നടപ്പാക്കുന്നുണ്ട്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ആലപ്പുഴ കൊല്ലം ബൈപ്പാസുകളും ഗെയില്‍ പദ്ധതിയും ദേശീയപാതയും ഉള്‍പ്പെടെ ഉദാഹരണങ്ങള്‍ ഏറെയാണ്. 2014 മുന്‍പുള്ള ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അതുകൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം പറയുന്ന രാഷ്‌ട്രീയമാണ് ബിജെപിയുടേത് അല്ലെങ്കില്‍ പറയുന്നതെല്ലാം ചെയ്യുന്ന രാഷ്‌ട്രീയവും.
പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അവസ്ഥയിലേക്ക് കേരളവും എത്താന്‍ അധികം കാത്തിരിക്കേണ്ടതില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവെക്കുന്ന വികസന രാഷ്‌ട്രീയം കേരളം ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ പോലും സിപിഎം തയാറാകുന്നത്. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കൂട്ടിച്ചേര്‍ത്ത് നിങ്ങള്‍ ഉണ്ടാക്കുന്ന സമവാക്യങ്ങള്‍ ഇനി കേരളത്തില്‍ വിലപോകില്ല. കൊച്ചിയിലെ സെന്‍ ട്രീസാസ് സ്‌കൂളില്‍ മതമൗലികവാദികള്‍ നടത്തിയ ഇടപെടലില്‍ നിങ്ങള്‍ സ്വീകരിച്ച നയവും പി.എം. ശ്രീ പോലെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നല്ല പദ്ധതിയില്‍ നിന്നുപോലും മതമൗലികവാദികളെ ഭയന്ന് നിങ്ങള്‍ പിന്മാറിയതും, മുനമ്പം ജനതയോട് നിങ്ങള്‍ കാണിച്ച ചതിയും എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പഴകി ദ്രവിച്ച അപകട രാഷ്‌ട്രീയത്തിന്റെ അന്ത്യം കുറിക്കുന്നതായി മാറും.
വികസിത കേരളം സൃഷ്ടിക്കാനുള്ള മാറ്റത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്.
മാറാത്തത് ഇനി മാറും
















