അതിരപ്പിള്ളി(7-12-2025): മലക്കപ്പാറയിൽ പര്യടനത്തിനു പോയ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. സ്ഥാനാർത്ഥിയും സംഘവും സഞ്ചരിച്ച വണ്ടിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആനയെ കണ്ട് ഇവർ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കോൺഗ്രസ്സിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവുമാണ് കാട്ടാനയുടെ മുൻപിൽ ചെന്ന് പെട്ടത്.
ആന പാഞ്ഞടുത്തതോടെ ജീവൻ രക്ഷിക്കാനായി സംഘം ചിതറി ഓടി.പോൾസന്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികിലെ കുഴിയിൽ വീണതുകൊണ്ട് പ്രചാരണ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ പോൾസനും കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. മറ്റൊരു സംഭവത്തിൽ മൂന്നാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയെയും ഒപ്പമുണ്ടായിരുന്നവരെയും കാട്ടാന ഓടിച്ചിരുന്നു. ‘ഒറ്റക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാന, സ്ഥാനാർഥിയും നാല് പേരും സഞ്ചരിച്ച ജീപ്പിനെ ഇടുങ്ങിയ വഴിയിലൂടെ അര കിലോമീറ്ററിലധികം ദൂരം പിന്നോട്ട് ഓടിക്കുകയായിരുന്നു.
മൂന്നാർ ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി സി. നെൽസണും സംഘവുമാണ് നല്ലതണ്ണി കല്ലാറിൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. നേരത്തെ സമാനമായ മറ്റൊരു സംഭവത്തിൽ പാലക്കാട് കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനെ പ്രചാരണത്തിന് ഇറങ്ങുന്നതിനിടയിൽ പാമ്പുകടിച്ചിരുന്നു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥിയെ വളർത്തുനായ ആക്രമിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.













