മുണ്ടക്കയം: സര്‍ക്കാരിന്റെ പൊള്ളയായ പ്രഖ്യാപനങ്ങള്‍ തുടരുന്നതിനിടെ ഇവിടെയൊരു പട്ടികജാതികുടുംബം ടാര്‍പോളിന്‍ കൊണ്ട് മറച്ച കൂരയ്‌ക്കുള്ളില്‍ നരക ജീവിതം നയിക്കുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കുളമാക്കല്‍ വാര്‍ഡിലാണ് പ്ലാസ്റ്റിക്കും പഴയ ഫ്‌ലക്‌സ് ബോര്‍ഡുകളും മറയാക്കി 5 സെന്റ് സ്ഥലത്തിനുള്ളില്‍ സ്ത്രീകള്‍ മാത്രമായ ഒരു കുടുംബം നരകയാതന അനുഭവിക്കുന്നത്.
കരിമുണ്ടയില്‍ സുനിത സിബിയും മകള്‍ ശരണ്യയും ഒന്നര വയസ്സ് മാത്രം പ്രായമായ ശരണ്യയുടെ മകനുമാണ് ഇവിടെ കഴിയുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂലിപ്പണിക്കാരനായ സിബി മരണപ്പെടുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യയുടെ ഭര്‍ത്താവിന്റെ ഏക വരുമാനത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സുനിതയ്‌ക്ക് മരുന്നുവാങ്ങാന്‍ പോലും പെന്‍ഷന്‍ കൊണ്ട് സാധിക്കുകയില്ല.
സിബി മരണപ്പെടുന്നതിന് മുമ്പ് തന്നെ ഈ കുടുംബത്തിന്റെ സ്വപ്‌നമായിരുന്നു ഒരു ഭവനം എന്ന സ്വപ്‌നം. എന്നാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഇവരുടെ അപേക്ഷ തള്ളിക്കളയുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
ഇവര്‍ താമസിക്കുന്ന താല്‍ക്കാലിക വീടിന്റെ ഒരു ഭാഗം തേക്കിന്‍ കൂപ്പാണ്. പുലിയുടെയും കാട്ടുപോത്തിന്റെയും ഭീഷണി നിത്യേന നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. ഒരു വീടിനുവേണ്ടി മുട്ടാത്ത വാതിലുകളിെല്ലന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോള്‍ താമസിക്കുന്ന ടാര്‍പോളിന്‍ കൊണ്ട് മറച്ചു കഴിയുന്ന വീടിന് തറ പോലുമില്ല. ശക്തമായ ഒരു കാറ്റടിച്ചാല്‍, മഴയൊന്ന് നില്‍ക്കാതെ പെയ്താല്‍ ശ്വാസം മിടിപ്പോടെയാണ് ഇവര്‍ കഴിയുന്നത്.
ജനാധിപത്യത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും ആര്‍ക്കും ചിന്തിക്കാനാവാത്ത ജീവിത പ്രശ്‌നത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ നടത്തിയ മീറ്റ് ദി പ്രസിലും അതി ദാരിദ്രരില്ലാത്ത കേരളം എന്നപ്രഖ്യാപനത്തെ ഒരു വലിയ സംഭവമായിട്ടാണ് അവതരിപ്പിച്ചത്.
പക്ഷേ, ഈ പട്ടികജാതി കുടുംബത്തിന്റെ ജീവിത സാഹചര്യത്തിലൂടെ മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് പുറത്താകുന്നത്.
















