ചെന്നൈ: ഹിന്ദുത്വം എന്നത് വിഷമാണെന്ന് മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എംഡിഎംകെ) നേതാവ് വൈകോ. ഡിഎംകെ മുന്നണിയുടെ ഭാഗമായ എംഡിഎംകെയുടെ നേതാവ് വൈകോ സ്റ്റാലിന്റെ അടുത്ത സുഹൃത്തുമാണ്.
തിരുപ്പുറക്കുണ്ഡ്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്ത ഡിഎംകെ സര്‍ക്കാര്‍ നടപടിക്കിടെ ആണ് വൈകോ പുതിയ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ഹിന്ദുത്വം അങ്ങേയറ്റം വിഷമാണ്. അതിനെ തുടച്ചുനീക്കണം. – വൈകോ പറഞ്ഞു.
ഹിന്ദുത്വത്തെ തമിഴ്നാട്ടില്‍ നിന്നും തുടച്ചുനീക്കാനുള്ള നടപടികള്‍ കൈക്കൊണ്ട് വരികയാണ്. തമിഴ്നാട്ടില്‍ ഹിന്ദുത്വ വിഷം കുത്തിവെയ്‌ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും വൈകോ അഭിപ്രായപ്പെട്ടു.
മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകന്‍ മലയ്‌ക്ക് മുകളില്‍ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള ഹിന്ദുമുന്നണിയുടെ ശ്രമം ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് തടയുകയായിരുന്നു ഡിഎംകെയും പൊലീസും. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് കോടതിയില്‍ കേസ് നല്‍കിയ രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് അനുമതി നല്‍കിയില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഭാരത് ന്യായസംഹിതയിലെ 163ാം വകുപ്പ് പ്രകാരം ജില്ല കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് മുരുകന്‍ മലയില്‍ ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍പോയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയും പൊലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
















