തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടയാതെ കോടതി. വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി.
രാഹുലിനെതിരായി ഉയർന്ന ആദ്യ പീഡനക്കേസിൽ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ആദ്യകേസിൽ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്താണ് ഹർജി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഈമെയിലിലൂടെ വന്ന പരാതി പോലീസിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കൂടുതൽ അന്വേഷണവും നടന്നിട്ടില്ല.
തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്യാനുളള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാലാണ് അതിവേഗത്തിൽ രണ്ടാമത്തെ കേസിലും ജാമ്യഹർജി നൽകിയത്.
















