ചൊല്ലും കാട്ടിലെവള്ളിയോടു
കുശലം, പൂവോട്,മണ്ണട്ടയോ-
ടാനന്ദിച്ച് മദിച്ചുകൂവുമൊരിളം
കുയിലോട്,കൂമന്നൊടും
കല്ലുംമുള്ളുമിറക്കവും, മലകളില്‍
ചെങ്കുത്തുകേറ്റങ്ങളും
ചൊല്ലാമേറ്റുമെവര്‍ക്കുമേ
പ്രകൃതിയെക്കാക്കേണ്ട സന്ദേശവും
(ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. വഴിയില്‍ കാട്ടുവള്ളിയോട്, പൂക്കളോട്, ധൃതിയില്‍ ഇഴഞ്ഞു പോകുന്ന മണ്ണട്ടയോട്, ആനന്ദിച്ച് മദിച്ചു കൂവുന്ന കുയിലിനോട്, മൂളുന്ന കൂമനോട് കുശലം പറഞ്ഞ്, കല്ലും മുള്ളും നിറഞ്ഞ ഇറക്കവഴികളും ചെങ്കുത്ത് കയറ്റങ്ങളും ആ മാര്‍ഗ്ഗത്തിലുണ്ട്. ഇവ വൈവിധ്യപൂര്‍ണ്ണമായ പ്രകൃതിപാഠവും ജീവിത പാഠവുമാണ് അവയറിയുന്നവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. ആശ്രയിച്ച് പടരുന്നവള്ളി, പുഞ്ചിരിക്കുന്ന പൂവ്, വലിയ ഭൂമിയെ കുറിയെയും നെടുകയും താണ്ടുന്ന ചെറിയ മണ്ണിര, കല്ലും മുള്ളും കൊണ്ട് പ്രതിരോധിക്കുന്ന കയറ്റം, ചെങ്കുത്തായ ഇറക്കം, ആഹ്ലാദിക്കുന്ന കുയില്‍, മൂളിത്തീര്‍ക്കുന്ന കൂമന്‍… ജീവിതം പഠിപ്പിക്കുന്ന പുസ്തകമാണ് പ്രകൃതി.)
മണ്ഡലം 16
പോരുന്നോരുവഴിക്കു കണ്ടു,
മുകിലും മഞ്ഞുംമയങ്ങുന്നിളം
മാറില്‍ മാമലതന്‍, മരങ്ങളതിനായ്
പൂന്തൊട്ടിലാട്ടുന്നതും
നേരം ചാഞ്ഞിരുള്‍വീണിടും വഴികളില്‍,
കാറ്റില്‍ പരന്നെത്തിവ-
ന്നീടും ശബ്ദമതേതിലും
ശ്രുതിയലിഞ്ഞീടുന്നമന്ദ്രസ്വനം.
(വഴിയില്‍ കാണാം, മഞ്ഞും മുകിലും മാമലകളുടെ മാറില്‍ ശാന്തമായി ഉറങ്ങുന്നു; അമ്മയുടെ നെഞ്ഞില്‍ കുഞ്ഞെന്ന പോലെ. മരങ്ങള്‍ അവര്‍ക്ക് പൂന്തൊട്ടിലാട്ടുന്നുവെന്ന് കണ്ടാല്‍ തോന്നും. സന്ധ്യയാകുന്നു, വഴികളില്‍ ഇരുള്‍ വീഴുന്നു, വീശിയടിക്കുന്ന ഇളം കാറ്റില്‍ ഒഴുകി വരുന്ന ശബ്ദത്തിലെല്ലാം ഓങ്കാരത്തിന്റെ മന്ദ്രസ്വനമാണ്)















