കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ ആശയങ്ങളോട് യോജിക്കാനാകില്ലെന്നും ആദര്‍ശവ്യതിയാനത്തെ എതിര്‍ത്ത പാരമ്പര്യമാണ് സമസ്തക്കുള്ളതെന്നും സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷന്‍ സയ്യിദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍.
സമസ്ത നൂറാം വാര്‍ഷിക പരിപാടികള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി സമുദായത്തിനകത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും വന്‍ ചിതല്‍ പോലെ അത് ഇസ്ലാമിനെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രസംഗിച്ചതിന് പിന്നാലെയാണ് സമസ്ത അധ്യക്ഷന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിനെകുറിച്ച് തീരുമാനിക്കേണ്ടത് അതത് രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളുമാണ്. ഞങ്ങള്‍ക്ക് അതില്‍ ബന്ധമില്ല. ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ ആശയങ്ങളെ ഞങ്ങള്‍ എതിര്‍ക്കും. അവരുമായി സഖ്യത്തിലേര്‍പ്പെടുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ നയനിലപാടുകളേയും ആശയങ്ങളേയും കുറിച്ച് അവരാണ് തീരുമാനിക്കേണ്ടത്.
പാണക്കാട് വെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് മറുപടി പറയേണ്ടതില്ല. അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം ഐക്യപ്പെടുകയല്ല, മറിച്ച്, മുസ്ലിങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന എല്ലാവരും ഒരുമിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇരുവിഭാഗം സുന്നികളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.
വിദേശ പര്യടനത്തിനിടക്ക് ചില പ്രമുഖ വ്യവസായികള്‍ സുന്നിഐക്യം സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശ്രമം തുടരുകയാണെങ്കില്‍ എല്ലാവിധ പിന്തുണയുമുണ്ടാകും. അദ്ദേഹം പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കാണണമെന്നും ചര്‍ച്ചനടത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. നൂറാം വാര്‍ഷികത്തിന്റെ തിരക്കായതുകൊണ്ട് പിന്നീടാകാമെന്ന് അറിയിക്കുകയായിരുന്നു. മറ്റൊരാള്‍ വഴിയാണ് ബന്ധപ്പെട്ടത്. രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ നേതാവ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യം മുന്നോട്ട് വെച്ചാല്‍ അത് തള്ളിക്കളയുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.
ഇ കെ വിഭാഗം നൂറാം വാര്‍ഷിക സമ്മേളനം 2026 ഫെബ്രു. 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കും.
സമ്മേളന പ്രചാരണാര്‍ത്ഥം ഈ മാസം 19 മുതല്‍ 28 വരെ കന്യാകുമാരി മുതല്‍ മംഗലാപുരം വരെ ശതാബ്ദിസന്ദേശ യാത്ര സംഘടിപ്പിക്കും. തഹിയഫണ്ട് ശേഖരണത്തിന്റെ ഭാഗമായി 46 കോടി 20 ലക്ഷം രൂപ ശേഖരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള സമസ്ത സെന്റിനറി എഡ്യുസിറ്റിയടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















