തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ പരാജയപ്പെടുത്തിയ കണ്ണൂര്‍ വാരിയേഴ്സ് സെമി പ്രതീക്ഷ നിലനിര്‍ത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കണ്ണൂരിന്റെ വിജയം. 42-ാം മിനിറ്റില്‍ ഐസര്‍ ഗോമസും അവസാന വിസിലിന് തൊട്ടുമുന്‍പ് എബിന്‍ ദാസും കണ്ണൂരിനായി സ്‌കോര്‍ ചെയ്തു.
ഇതോടെ 10 കളികളില്‍ നിന്ന് 13 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. കളിയുടെ തുടക്കത്തില്‍ പതറിയ കണ്ണൂര്‍ ആദ്യ പത്ത് മിനിറ്റിനുശേഷം കളം പിടിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ തൃശൂരിനേക്കാള്‍ മുന്നിട്ടുനിന്നു. കളിയിലാകെ കണ്ണൂര്‍ പായിച്ച 12 ഷോട്ടുകളില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. തൃശൂര്‍ ഗോളി കട്ടിമണിയുടെ മികച്ച പ്രകടനമാണ് കനത്ത തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. അതേസമയം ആകെ ഒരിക്കല്‍ മാത്രമാണ് കണ്ണൂര്‍ ഗോളിയെ പരീക്ഷിക്കാന്‍ തൃശൂര്‍ മാജിക് എഫ്സി താരങ്ങള്‍ക്കായത്. കണ്ണൂരിന്റെ സെമി പ്രവേശം ഇന്ന് നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ്-കാലിക്കറ്റ് എഫ്സി മത്സരത്തെയും നാളെ നടക്കുന്ന മലപ്പുറം എഫ്‌സി-ഫോഴ്‌സ കൊച്ചി മത്സര ഫലത്തെ അടിസ്ഥാനത്തിലായിരിക്കും.
കാലിക്കറ്റ് എഫ്സിക്കെതിരെ പരാജയപ്പെട്ട ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് കണ്ണൂര്‍ വാരയേഴ്സ് ഇന്നലത്തെ നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്. കഴിഞ്ഞ ഒന്‍പത് കളികളിലും ഗോള്‍വലയ്‌ക്ക് മുന്നില്‍ നിലയുറപ്പിച്ച സി.കെ. ഉബൈദിന് പകരം അല്‍കേഷ് രാജും മധ്യനിരയില്‍ സെയ്ദ് മുഹമ്മദ് നിദാലിന് പകരം ഏണസ്റ്റീന്‍ ലവ്സാംബയും കളത്തിലിറങ്ങി. 4-3-3 എന്ന സ്ഥിരം ഫോര്‍മേഷനില്‍ നിന്ന് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇന്നലെ തൃശൂര്‍ മാജിക് എഫ്സിക്കെതിരെ ഇറങ്ങിയത്.
സെമി ഫൈനലിലേക്ക് യോഗ്യത നേടിയ തൃശൂര്‍ ടീമില്‍ എട്ട് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. കമാലുദ്ദീന്‍, ഇവാന്‍ മാര്‍ക്കോവിച്ച്, ഫൈസല്‍ അലി, മുഹമ്മദ് ജിയാദ്, നവീന്‍ കൃഷ്ണ, ഫ്രാന്‍സിസ്, ലെനി റോഡ്രിഗസ്, മെയ്ല്‍സണ്‍ ആല്‍വസ് എന്നിവര്‍ക്ക് പകരമായി ലക്ഷ്മികാന്ത് കട്ടിമണി, അലന്‍ ജോണ്‍, ജിദു കെ. റോബി, മുഹമ്മജ് അഫ്‌സല്‍, ഉമാശങ്കര്‍, ഷെയ്ന്‍ സാജന്‍ ജേക്കബ്, ജിബിന്‍ ദേവസ്സി, എസ്.കെ. ഫായിസ് എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.
കളിയുടെ തുടക്കത്തില്‍ ലക്ഷ്യബോധമില്ലാത്തവരെപ്പോലെയാണ് കണ്ണൂര്‍ കളിച്ചത്. കൃത്യമായ ധാരണയോടെ മുന്നേറ്റം നടത്താനോ എതിരാളികളുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. പതിയെ കളിയിലേക്ക് തിരിച്ചെത്തിയ കണ്ണൂരിന് പത്താം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസ് അസിയര്‍ ഗോമസ് ഹെഡ് ചെയ്‌തെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. 14-ാം മിനിറ്റില്‍ പരിക്കേറ്റ കണ്ണൂര്‍ നായകന്‍ അഡ്രിയാന്‍ മൈതാനത്തുനിന്ന് തിരിച്ചുകയറി. പകരം ഇറങ്ങിയത് ടി. ഷിജിന്‍. 17-ാം മിനിറ്റില്‍ കണ്ണൂരിന്റെ ഷിജിനെ ബോക്‌സിനകത്തുവെച്ച് മാജിക് എഫ്സിയുടെ പ്രതിരോധ താരം ഫൗള്‍ ചെയ്‌തെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 18-ാം മിനിറ്റില്‍ മനോജ് എറിഞ്ഞ ലോങ് ത്രോ ഷിജിന്‍ പിന്നിലേക്ക് ഹെഡ് ചെയ്തു നല്‍കിയ പന്ത് സിനാന്‍ മറ്റൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക് പറന്നു. അഞ്ച് മിനിറ്റിനുശേഷം പന്തുമായി ഒറ്റയ്‌ക്ക് മുന്നേറി ഷിജിന്‍ തൊടുത്ത ഷോട്ട് നേരെ തൃശൂര്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈളിലേക്കായിരുന്നു.
ഇടയ്‌ക്ക് തൃശൂരും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം കണ്ണൂര്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 42-ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ലീഡ് നേടി. സന്ദീപ് എടുത്ത ത്രോ ഷിജിന്‍ സ്വീകരിച്ച് മുഹമ്മദ് സിനാന് ബാക് പാസ് നല്‍കി. പന്തുമായി മുന്നേറിയ സിനാന്‍ വലതുവിങ്ങില്‍ നിന്ന് പോസ്റ്റിന് മുന്നില്‍ നിന്നിരുന്ന അസിയര്‍ ഗോമസിന്റെ കാലുകള്‍ക്ക് കൃത്യമായി പാസ് നല്‍കി. തന്നെ ലക്ഷ്യമാക്കി വന്ന പന്ത് അതേ വേഗത്തില്‍ അസിയര്‍ നല്ലൊരു ടാപ്പിലൂടെ ലക്ഷ്മികാന്ത് കട്ടിമണിയെ കീഴടക്കി വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ കണ്ണൂരിന്റെ വികാസിനും തൃശൂരിന്റെ ബിബിന്‍ അജയനും റോബ ജിദുവിനും റഫറി മഞ്ഞകാര്‍ഡും കാണിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തൃശൂര്‍ ഗോള്‍ തിരിച്ചടിക്കാനുറച്ച് ബിബിന്‍ അജയന് പകരം ജിയാദ് മുഹമ്മദിനെയും ജാവിയര്‍ പാഡില്ലയ്‌ക്ക് പകരം ഇവാന്‍ മാര്‍കോവിച്ചിനെയും സാജന്‍ ജേക്കബിന് പകരം നവീന്‍ കൃഷ്ണയെയും എസ്.കെ. ഫായിസിന് പകരം ഫൈസല്‍ അലിയെയും കളത്തിലിറക്കി. 55-ാം മിനിറ്റില്‍ കണ്ണൂരിന് സുവര്‍ണാവസരം.
വലത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസ് സിനാന്‍ സെക്കന്റ് പോസ്റ്റിലുള്ള ഷിജിന് ഹെഡ് ചെയ്തു നല്‍കി. ഷിജിന്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്.
59-ാം മിനിറ്റില്‍ ഐസര്‍ ഗോമസിന് പകരം കണ്ണൂര്‍ ഒ.എം. ആസിഫിനെയും 66-ാം മിനിറ്റില്‍ തൃശൂര്‍ മുഹമ്മദ് അഫ്സലിന് പകരം സുനില്‍ സാവിയോയെയും ഇറക്കി. തൊട്ടുപിന്നാലെ സിനാന് ഗോളെന്ന് ഉറച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നാലെ കണ്ണൂരിന്റെ അര്‍ജുനനും കീന്‍ ലൂയിസിനും മഞ്ഞകാര്‍ഡ് ലഭിച്ചു.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 97-ാം മിനിറ്റില്‍ എബിന്‍ ദാസിലൂടെ കണ്ണൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കീന്‍ ലൂയിസ് നല്‍കിയ പാസില്‍ എബിന്‍ ദാസ് ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു.
















