തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരത്തിൽ. ഇന്നലെ രാത്രി മുതലാണ് രാഹുൽ ഈശ്വർ നിരാഹാര സമരം ആരംഭിച്ചത്. വെള്ളം മാത്രം മതിയെന്നും ഭക്ഷണം വേണ്ടെന്നും രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു. ഇന്നലെ ജയിലിലേക്ക് പോകുന്നതിന് മുൻപ് തന്നെ താൻ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. റിമാൻഡ് തടവുകാരെ പാർപ്പിക്കുന്ന ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്.
അതേസമയം സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍, ചാനല്‍ ചര്‍ച്ചയില്‍ സ്ഥിരം മുഖമായി മാറിയ രാഹുല്‍, ഒളിവില്‍ പോയ എം എല്‍ എയ്‌ക്കായി ശക്തിയുക്തം വാദിക്കുകയും, ആ ആളുടെ പേരിലെ കേസുമായി ബന്ധപ്പെട്ടുതന്നെ ജയിലില്‍ പോവുകയും ചെയ്തിരിക്കുകയാണ്.
ഇതിനുമുമ്പും ഒരുവട്ടം രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു.ശബരിമല വിവാദത്തിന് മുന്‍പും രാഹുല്‍ ഈശ്വര്‍ ശ്രദ്ധേയമായ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഹാദിയയുടെ (അഖില അശോകന്‍) മാതാപിതാക്കളുടെ അനുമതിയോടെ അവരുമായി സംസാരിച്ച രാഹുല്‍ ഈശ്വര്‍, പിന്നീട് തര്‍ക്കവിഷയമായ ‘ലൗ ജിഹാദ് ടേപ്പുകള്‍’ പുറത്തുവിട്ടു. മതം മാറാനുള്ള തന്റെ അവകാശത്തെക്കുറിച്ച് ഹാദിയ മാതാപിതാക്കളുമായി വാദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.
ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്ന നിലപാട് രാഹുല്‍ ഈശ്വര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തന്ത്രി കുടുംബാംഗമെന്ന നിലയില്‍ വിശ്വസിച്ചാണ് സംസാരിക്കാന്‍ അനുവദിച്ചതെന്നും, രാഹുല്‍ ഈശ്വര്‍ തീവ്രവാദ സംഘടനകളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ച് ഹാദിയയുടെ പിതാവ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തോടെ, ഹിന്ദു സമൂഹത്തെ വഞ്ചിച്ച വഞ്ചകൻ എന്നാണ് രാഹുലിനെ സോഷ്യൽ മീഡിയ വിളിച്ചത്.
















