തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി. പിന്നില്‍ സിഐടിയുവിന്റെ മൗനാനുവാദവും. കള്ളക്കളി പുറത്തായതോടെ മലക്കംമറിഞ്ഞ് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി.
2021 ഡിസംബര്‍ 14ന് ‘കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021’ എന്ന പേരിലാണ് വിജ്ഞാപനമിറക്കിയത്. 10 അധ്യായങ്ങളിലായി 55 ഖണ്ഡികകളുള്ള കരടാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. പൊതുജനത്തിന് ആക്ഷേപമറിയിക്കാന്‍ 45 ദിവസത്തെ സമയം ഉള്‍പ്പെടെയായിരുന്നു വിജ്ഞാപനം. ഇതെല്ലാം മറച്ചുവച്ച ശേഷമാണ് ലേബര്‍ കോഡ് വിഷയത്തില്‍ തൊഴില്‍ മന്ത്രി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. 2025 ജൂലൈ 8ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായാണ് നടത്തിയത്. സിഐടിയു, എഐടിയുസി അടക്കമുള്ള ഇടത് യൂണിയനുകളടക്കം കടുത്ത പ്രതിഷേധവും നടത്തിയിരുന്നു. ഈ സമയമെല്ലാം സംസ്ഥാനത്ത് ലേബര്‍ കോഡിന് കരട് വിജ്ഞാപനമിറക്കിയത് മന്ത്രിയും സിഐടിയുവും മറച്ചുവച്ചു.
എന്നാല്‍ കരട് വിജ്ഞാപനം പുറത്ത് വന്നതോടെ മന്ത്രി കുടുങ്ങി. ഉദ്യോഗസ്ഥതലത്തില്‍ മാത്രം രൂപീകരിച്ചതാണ് കരട് ചട്ടമെന്ന് പറഞ്ഞ് ശിവന്‍കുട്ടി മലക്കം മറിഞ്ഞു. 2021ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി സംസ്ഥാന തൊഴില്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചെന്നും അതിന്റെ തീരുമാനപ്രകാരം ഉദ്യോഗസ്ഥര്‍ കരട് ചട്ടം തയാറാക്കിയെന്നുമാണ് ന്യായീകരണം. എന്നാല്‍ മന്ത്രി അറിയാതെ 45 ദിവസത്തെ പൊതുജന അഭിപ്രായം തേടിക്കൊണ്ട് വിജ്ഞാപനം ഇറക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.
മന്ത്രിസഭായോഗത്തില്‍ സിപിഐ ഉള്‍പ്പെടെ എതിര്‍ത്തിട്ടും ഘടക കക്ഷികളെ തള്ളിക്കളഞ്ഞ് പിഎം ശ്രീയില്‍ സംസ്ഥാനസര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. സമാനരീതിയിലാണ് ലേബര്‍കോഡിലും എല്‍ഡിഎഫിനെ ഒന്നടങ്കം ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ കരട്‌വിജ്ഞാപനം ഇറക്കിയത്. ഈ മാസം 21ന് ലേബര്‍ കോഡ് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുകയും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും വീരവാദം മുഴക്കുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ത്തുകൊണ്ട് ജംഗിള്‍രാജ് നടപ്പാക്കാനാണ് ലേബര്‍കോഡിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. അപ്പോഴെല്ലാം കരട് വിജ്ഞാപനം ഇറക്കിയതിനെ കുറിച്ച് മന്ത്രി മിണ്ടിയില്ല.
കരട് വിജ്ഞാപനം ഇറക്കിയതിനെതിരെ എഐടിയുസി രംഗത്ത് എത്തി. മന്ത്രിമാര്‍ അറിയാതെ ചട്ടം രൂപീകരിച്ച ഉേദ്യാഗസ്ഥര്‍ക്കെതിരെ അടുത്ത നടപടി വേണമെന്നാണ് എഐടിയുസിയുടെആവശ്യം. കള്ളിവെളിച്ചത്തായതോടെ സിഐടിയും പേരിന് വേണ്ടി എതിര്‍പ്പുന്നയിച്ചു. സംഭവം വിവാദമായതോടെ കരട് വിജ്ഞാപനം മരവിപ്പിച്ചെന്നും അന്തിമ വിജ്ഞാപനത്തിലേക്കു പോയില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. ശിവന്‍കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത രൂക്ഷമായിട്ടുണ്ട്.
















