ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈയിടെ നടന്ന മാവോയിസ്റ്റ് അനുകൂല പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അപകടകാരികളെന്ന് വനിതാപൊലീസുകാര്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനിടയില്‍ ഇവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വനിതാ പൊലീസുകാരെ മുറിവേല്‍പിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ഇവര്‍ വനിതാ പൊലീസിനു നേരെ മുളകു സ്പ്രേ അടിക്കുകയും ചെയ്തു.
പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇവര്‍ സ്വയം മുറിവേല്‍പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഈ മാവോയിസ്റ്റ് അനുകൂല പ്രകടനത്തിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടികളാണ് ഈ പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തതും പ്രകടനത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചതും. ഇവര്‍ രണ്ടുപേരും ഈയിടെ ചില പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രമുഖരായ ചില നേതാക്കളും പങ്കെടുത്തിരുന്നു. ഈ നേതാക്കള്‍ ആരെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് തേടുകയാണ്. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ എല്ലാം ദല്‍ഹി യൂണിവേഴ്സിറ്റിയിലും മറ്റ് കോളെജുകളിലും പഠിക്കുന്നവരാണ്.
മദ് വി ഹിദ് മ എന്ന അപകടകാരിയായ നക്സല്‍ നേതാവിന്റെ ഫോട്ടോ പതിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2020ല്‍ 76സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഒളിയാക്രമണം നടത്തി വധിച്ചത് മധ് വി ഹിദ് മ ആണ്. ഈയിടെ ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിരുന്നു.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മറ്റൊരു തന്ത്രം പേര് തെറ്റിച്ച് പറയുക എന്നതായിരുന്നു. പക്ഷെ പിന്നീട് പൊലീസ് ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തി. സ്വന്തം പേരും വിലാസവും തെറ്റിച്ച് പറഞ്ഞതിനും ഇവര്‍ക്കെതിരെ കേസെടുക്കും.
ഇവര്‍ക്കെതിര ദേശീയ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഭാരതീയ ന്യായസംഹിതയിലെ 197ാം വകുപ്പും ചുമത്തിയിട്ടുണ്ട്. പൊതുജനസേവകരായ പൊലീസിനെ തടയല്‍, സമാധാനം ലംഘിച്ച് കൂട്ടംചേരല്‍, സ്വയം പരിക്കേല്‍പിക്കല്‍ തുടങ്ങി വേറെയും വകുപ്പുകള്‍ ഇവര്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.
















