തിരുവനന്തപുരം: നേമം സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പാര്‍ട്ടിക്ക് വോട്ടില്ല എന്ന് പോസ്റ്ററുകള്‍ നിക്ഷേപകരുടെ വീടുകളില്‍ പതിപ്പിച്ചു. നേമം സഹകരണ ബാങ്ക് തകര്‍ത്ത ഞങ്ങളുടെ കാശ് കട്ടെടുത്ത പാര്‍ട്ടിക്ക് ഞങ്ങളുടെ വീട്ടില്‍ നിന്നും വോട്ട് ഇല്ല എന്ന പോസ്റ്ററുകളാണ് വ്യാപകമായി വീടുകളില്‍ ഒട്ടിച്ചിരിക്കുന്നത്. നേമം, പൊന്നുമംഗലം, മേലാങ്കോട്, കരുമം, പാപ്പനംകോട് എന്നീ വാര്‍ഡുകളിലെ നിക്ഷേപകരുടെ വീടുകളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും സിപിഎമ്മിന് വോട്ടില്ല എന്ന് തന്നെയാണ് നിക്ഷേപകര്‍ പറയുന്നത്. നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്‌മയുടെ പേരിലാണ് പോസ്റ്ററുകള്‍.
നേമം സഹകരണ ബാങ്കിലെ രണ്ടായിരത്തില്‍പരം നിക്ഷേപകര്‍ താമസിക്കുന്ന നേമം, പൊന്നുമംഗലം വാര്‍ഡുകളില്‍ നിക്ഷേപകരുടെ വോട്ടുകള്‍ നിര്‍ണായകമാണ്. നേമം സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം ഏര്യാ കമ്മറ്റി അംഗവുമായിരുന്ന ആര്‍. പ്രദീപ് കുമാര്‍, മുന്‍ സെക്രട്ടറിമാരും പാര്‍ട്ടി ഏര്യാ കമ്മറ്റി അംഗങ്ങളുമായ എസ്. ബാലചന്ദ്രന്‍ നായര്‍, എ.ആര്‍. രാജേന്ദ്രന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎമ്മിനെതിരെയുള്ള നിക്ഷേപകരുടെ പ്രചാരണം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയ സിപിഎം നേതൃത്വം നേമം എംഎല്‍എയും മന്ത്രിയുമായ ശിവന്‍കുട്ടിയെ നിക്ഷേപകരുമായി സംസാരിക്കാന്‍ രഹസ്യമായി നിയോഗിച്ചിരിക്കുകയാണ്. മന്ത്രി പല നിക്ഷേപകരുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും മന്ത്രിയുടെ ഉറപ്പുകളോട് അനുകൂലമായല്ല പ്രതികരിച്ചത്.
തങ്ങളുടെ പണം കവരുകയും തങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാക്കളായ ബാങ്ക് ഭരണാധികാരികള്‍ക്കെതിരെ ഒരക്ഷരംപോലും പറയാത്ത മന്ത്രിയും സിപിഎം നേതൃത്വവും തെരഞ്ഞെടുപ്പായതിനാലാണ് വാഗ്ദാനങ്ങളുമായി വരുന്നതെന്നാണ് നിക്ഷേപകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനിടെ നിക്ഷേപകര്‍ക്കുനേരെ സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി ഉണ്ടാകുന്നതായും പറയുന്നു.
















