സന്നിധാനം: പതിവില്‍ നിന്നും വ്യത്യസ്തമായി തിങ്കളാഴ്ചയായ ഇന്നലെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കേറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ സ്പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാറും നിലയ്‌ക്കലുമാണ് നിലവില്‍ സ്പോട്ട് ബുക്കിങ് സൗകര്യമുള്ളത്.
സാധാരണ ശനി, ഞായര്‍ ദിവസങ്ങളിലാണ് ദര്‍ശനത്തിന് തിരക്ക് വര്‍ദ്ധിക്കാറ്. എന്നാല്‍ നടതുറന്ന് ആദ്യ ശനിയാഴ്ചയും ഞായറാഴ്ചയും വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അതിലും വലിയ തിരക്ക് ഇന്നലെയുണ്ടായിരുന്നു. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തരാണ് ദർശനത്തിനെത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളേ അപേക്ഷിച്ച് തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നെങ്കിലും എല്ലാ ഭക്തര്‍ക്കും സുഖദര്‍ശനം ഉറപ്പക്കാന്‍ കഴിഞ്ഞു.
ഇടയ്‌ക്കിടെ നേരിയ മഴ പെയ്തതും തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചില്ല. ഉച്ചസമയത്ത് ദര്‍ശനത്തിനായുള്ള ഭക്തരുടെ നിര വലിയ നടപ്പന്തലും കഴിഞ്ഞ് യു ടേണ്‍ വരെ എത്തി. ദീപാരാധന വേളയിലും വലിയനടപ്പന്തല്‍ നിരഞ്ഞ് തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു.
ഈ തീർഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. അതേസമയം ശബരിമല സുരക്ഷ വിലയിരുത്താൻ ഡിജിപി ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തിയിരുന്നു. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















