ന്യൂദല്‍ഹി: ലോകത്തിലെ ശക്തമായ 100 ബാങ്കുകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ബാങ്കുകള്‍ മാത്രമേയുള്ളൂ എന്ന ദയനീയാവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെ കരകയറ്റാന്‍ മോദി സര്‍ക്കാര്‍. ലോകത്തിലെ ആദ്യ 100 ബാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ 22 എണ്ണം ചൈനയുടേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബിഐയുടെ സ്ഥാനം 49 മാത്രമാണ്.
പൊതുമേഖല ബാങ്കുകളായ എസ് ബിഐ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. മൂന്ന് വിതം പൊതുമേഖല ബാങ്കുകളുടെ ഈ ബാങ്കുകളില്‍ ലയിപ്പിക്കാനാണ് നീക്കം. അതോടെ ഇപ്പോഴും 12 പൊതുമേഖലാബാങ്കുകള്‍ മൂന്നെണ്ണമായി ചുരുങ്ങും.
അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് ശക്തമായ ബാങ്കുകള്‍ ആവശ്യമാണെന്ന ചിന്തയാണ് മൂന്ന് ശക്തമായ ബാങ്കുകളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നല്‍. ഇതിനായി മറ്റ് ചെറുകിട ബാങ്കുകളെ വലിയ ബാങ്കുകളില്‍ ലയിപ്പിച്ച് ബാങ്കുകളുടെ കരുത്ത് കൂട്ടുക എന്ന തന്ത്രമാണ് സ്വീകരിിക്കാന്‍ പോകുന്നത്.
2026 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിന് മുന്‍പോ ഇത് സംബന്ധിച്ച് ധനമന്ത്രി നിര്‍മ്മല -സീതാരാമന്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കും. ലയനവുമായി ബന്ധപ്പെട്ട് ധനകാര്യ സേവനവകുപ്പ് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമായി പരിശോധിക്കും.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഇപ്പോഴുള്ള 20 ശതമാനത്തില്‍ നിന്നും 49 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകളുടെ സാമ്പത്തിക ശേഷി വന്‍തോതില്‍ ഉയര്‍ത്തും. മാത്രമല്ല, വന്‍പദ്ധതികള്‍ക്ക് വന്‍വായ്‌പ നല്‍കാനും ഈ ബാങ്കുകള്‍ക്ക് സാധ്യമാകും.
2019ല്‍ പൊതുമേഖലാബാങ്കുകളുടെ ലയനം നടന്നിരുന്നു. അന്ന് ആകെ പൊതുമേഖലാബാങ്കുകളുടെ എണ്ണം 27ല്‍ നിന്നും 12 ആയി ചുരുങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ മൂന്നാക്കി ചുരുക്കാന്‍ പോകുന്നത്.
















