കോട്ടയം: പത്മകുമാറിനെ തള്ളാനും കൊള്ളാനും ഇല്ല എന്ന് പറയുന്ന സി. പി.എമ്മിന് പത്മ കുമാറിനെ തള്ളിയാല്‍ കൊള്ളുന്നത് പാര്‍ട്ടിക്ക് ആണെന്ന് വ്യക്തമായി അറിയാമെന്ന് ബി. ജെ. പി മേഖല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.ശബരിമലയിലെ സ്വര്‍ണക്കടത്തില്‍ നിന്ന് മന്ത്രിമാരടക്കമുള്ള സി. പി. എം നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.
നഗര ഹൃദയത്തിലുള്ള നന്തന്‍കോട് കോടികള്‍ വിലമതിക്കുന്ന ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ ഓഫീസ് വാങ്ങിയതിന്റെ പിന്നിലുള്ള ധന സ്രോതസും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ആദ്യം പത്മകുമാറിന്റെ ബന്ധുവിന്റ പേരിലാണ് ഇത് വാങ്ങിയത് എന്നാണ് അറിയുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്നും വന്‍ സഹായമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
ശബരിമലയിലെ സ്വര്‍ണക്കടത്ത് വാര്‍ത്തകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി. പി. എം കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയത്.എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പഴയഅംഗങ്ങളെ തന്നെ നിയമിച്ചതില്‍ നിന്ന് സി. പി. എമ്മിന്റെ ഗൂഡ ലക്ഷ്യം വ്യക്തമാണ്. കെ. ജയകുമാറിനെ മറയാക്കി വന്‍ കൊള്ളയ്‌ക്ക് കളമൊരുക്കുകയാണ് സി. പി. എം.
അന്നദാനതട്ടിപ്പ് അടക്കം നിരവധി ആരോപണങ്ങളും കൂടാതെ വനിതാ ജീവനക്കാരി തന്നെ നേരിട്ട് പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതാവായ ജി. ബിനുവിനെതിരെ നടപടി പോലും എടുക്കാത്ത സി. പി. എം വീണ്ടും അതേയാളെ പേര്‍സണല്‍ സെക്രട്ടറി ആക്കിയതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളാണ് ഉള്ളത്.
ശബരിമല അടക്കം വരുമാനമുള്ള ക്ഷേത്രങ്ങളിലെ സ്ഥിരവും കരാറില്‍ ഉള്ളതുമായ ജീവനക്കാരെ നിശ്ചയിക്കുന്നത് ജി. ബിനുവാണ്. ഈ കുറുവാ സംഘത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മോചിപ്പിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള സത്യസന്ധ രായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം അദ്ദേഹത്തിനു നല്‍കണമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു.
ബി. ജെ. പി. ആലപ്പുഴ ജില്ലാ ഓഫീസില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖല സെക്രട്ടറി ജി. വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗീത രാംദാസ് എന്നിവര്‍ പങ്കെടുത്തു.
















