ന്യൂദല്‍ഹി: ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലീദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ രാജ്യവിരുദ്ധരാണെന്ന് ദല്‍ഹി പോലീസ് സുപ്രീംകോടതിയില്‍.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവര്‍ അക്രമങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പോലീസ് വ്യക്തമാക്കി. ഇവര്‍ ബുദ്ധിജീവികളല്ല, രാജ്യദ്രോഹികളാണെന്ന് അറിയാതെയാണ് ചില വിദേശ മാധ്യമങ്ങള്‍ ഇവരോട് സഹതാപമുള്ള ചില വാര്‍ത്തകള്‍ നല്‍കിയതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറര്‍ എസ്‌വി രാജു കോടതിയില്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിയുടെ മറവില്‍ ഇവര്‍ നടത്തിയ പ്രതിഷേധം സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഈ പ്രതിഷേധം വലിയ കലാപമായി, ഐബി ഉദ്യോഗസ്ഥന്‍ അടക്കം 53 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. 530 പേര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ ബുദ്ധിജീവികളാണെന്നും അവരെ വേട്ടയാടുകയാണെന്നുമുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബുദ്ധിജീവികളായ ഭീകരരാണ് ഏറ്റവും അപകടകാരികള്‍. സര്‍ക്കാരിനെ അട്ടിമറിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി തകര്‍ക്കുകയുമായിരുന്നു പ്രതിഷേധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം.
ഒരു പോലീസുകാരനെ മര്‍ദിച്ചുകൊല്ലുകയായിരുന്നു. ബംഗ്ലാദേശിലും നേപ്പാളിലും നടന്നതു പോലുള്ള ഒന്നായിരുന്നു ഇവരുടെ പദ്ധതി. പക്ഷെ നടന്നില്ല. എല്ലാത്തിനും മുകളില്‍ ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എല്ലാം നടന്നത് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാരത സന്ദര്‍ശനത്തിനിടെയാണ്. ബുദ്ധിജീവികള്‍ ഭീകരര്‍ ആകുമ്പോള്‍ അവര്‍ സാധാരണ ഭീകരരേക്കാള്‍ ആപല്‍ക്കാരികളാകും. ഇവരാണ് യഥാര്‍ത്ഥ തലച്ചോര്‍. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്നത് ഇക്കാര്യം ശരിയാണെന്ന് കാണിച്ചുതന്നു. അദ്ദേഹം പറഞ്ഞു.
















