പാറ്റ്ന: നാളെയാണ് ബീഹാറിൽ ഛാഠ് പൂജയുടെ ഗംഭീരാഘോഷം. ബീഹാറിന്റെ ഉത്സവമായ ഛാഠ് പൂജയുടെ വേളയിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു വന്നത്. അതിനാൽ രാഷ്‌ട്രീയ പ്രവർത്തകർക്ക് പൂർണാവേശത്തിൽ പങ്കെടുക്കാനായിരുന്നില്ല. നാളെ എൻ ഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ’ ഉത്സവം’ ആഘോഷിക്കാനാണ് എൻഡിഎ പ്രവർത്തകരുടെ ആവേശം.
ഛാഠ് പൂജയെ വെറും നാടകമെന്ന് ആക്ഷേപിച്ച ആർജെഡി- ഇൻഡി മുന്നണി കക്ഷികളെ പാഠം പഠിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
നാളെ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം കൂടിയുള്ളതിനാൽ എൻഡിഎ- ബിജെപി പ്രവർത്തകർ ആവേശഭരിതരാണ്.
എൻഡിഎ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ജെഡിയു മേധാവി നിതീഷ് കുമാറിനെ ബീഹാറിലെ എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിലാണ് നാളെ പത്താം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
എൻഡിഎ യോഗത്തിൽ നിതീഷ് കുമാറിനെ നേതാവായി ജെഡിയു നേതാവ് വിജയ് ചൗധരി അവതരിപ്പിച്ചു, ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് സിൻഹയും പിന്തുണച്ചു. എൽജെപി (ആർവി), എച്ച്എഎം, ആർഎൽഎം എംഎൽഎമാരും ഈ നിർദ്ദേശത്തെ പിന്തുണച്ചതായി മന്ത്രി ശ്രാവൺ കുമാർ പറഞ്ഞു.
രാവിലെ, പാർട്ടിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കുമാറിനെ ജെഡിയു നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.
243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിൽ വന്നു, ബിജെപി 89 ഉം ജെഡിയു 85 ഉം എൽജെപി (ആർവി) 19 ഉം എച്ച്എഎം 5 ഉം ആർഎൽഎം 4 ഉം സീറ്റുകൾ നേടി.
















