നമ്മുടെ ജീവിതശൈലികള്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ വളരെയേറെ മാറി്. നവീന സാങ്കേതിക വിദ്യകളാല്‍ തിരക്കേറിയ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. നമുക്കു ചുറ്റും നിരവധി ആവേഗങ്ങള്‍ തീവ്ര വേഗതയില്‍ കടന്നുപോകുന്നു. ജീവിതത്തെ അവ സ്വാംശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ചില ഭാഗങ്ങളെ അടരെടുക്കുന്നത് പോലെ അവ എടുത്തു മാറ്റുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു കാലത്ത് വേദപഠനത്തിന്റെ ആവശ്യകത എന്ത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.
മനുഷ്യന് സമഗ്രമായ ജീവിതവീക്ഷണം വേണം എന്നത് സുവിദിതമായ കാര്യമാണ്. എന്താണ് ഈ സമഗ്രത? മനുഷ്യന്‍ ഏതെങ്കിലും ഒരൊറ്റ കാര്യത്തെ അടിസ്ഥാനമാക്കിയല്ല ജീവിക്കുന്നത്. നിരവധി കാര്യങ്ങളെ മനുഷ്യജീവിതം അടിസ്ഥാനമാക്കുന്നുണ്ട്. കുടുംബപരവും തൊഴില്‍പരവും സാമൂഹ്യപരവുമായ സംതൃപ്തി അതില്‍ വളരെ പ്രധാനമാണ്. ആ മേഖലകളില്‍ സംതൃപ്തരല്ലെങ്കില്‍ ജീവിതംതന്നെ ബുദ്ധിമുട്ടാകും. ഇങ്ങനെ പല വിഷയങ്ങളിലൂടെ കടന്നാണ് നമ്മള്‍ ഉപാസനയിലേക്ക് എത്തുന്നത്.
പണം സമ്പാദിക്കുന്നതുകൊണ്ട് മാത്രം ജീവിതം പൂര്‍ണമാകില്ല. എല്ലാ കാര്യത്തിലും സമതുലിതാവസ്ഥ കൈവരിക്കാനാവണം. സാമ്പത്തിക, ആരോഗ്യ കാര്യങ്ങളിലും ഉപാസനയിലും എല്ലാം സമതുലിതാവസ്ഥ വേണം. അതുകൊണ്ടാണ് ഭാരതത്തില്‍ നാല് ആശ്രമങ്ങള്‍ വളരെ പ്രസക്തമായിരുന്നത്.
ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാണ് ചതുരാശ്രമങ്ങള്‍. വിദ്യാഭ്യാസത്തില്‍ പരിപൂര്‍ണമായും ആമഗ്നമായിരിക്കുന്ന കാലമാണ് ബ്രഹ്‌മചര്യകാലം. ഈ കാലയളവില്‍ ബ്രഹ്‌മചര്യവ്രതം നിഷ്ഠയോടെ പാലിക്കേണ്ടതുണ്ട്. ”ബ്രഹ്‌മചര്യപ്രതിഷ്ഠായാം വീര്യലാഭഃ” എന്ന് യോഗസൂത്രത്തില്‍ പറയും. അതായത്, ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്നതിലൂടെ വീര്യം വര്‍ധിക്കും.
ബ്രഹ്‌മചര്യം എന്നത് ധൈഷണിക സ്മൃതികളുടെ കാലമാണ്. ബ്രഹ്‌മചര്യം ശാരീരികമായി മാത്രം ഉണ്ടാകുന്ന ഒന്നല്ല. മറിച്ച് അത് ഓജസ്സിനെയും തേജസ്സിനെയും പുഷ്ടിപ്പെടുത്തുന്നു. അതിലൂടെ അസാധാരണമായ ബുദ്ധി വളരുന്നു. സാധാരണ ബുദ്ധി ഉപയോഗിച്ചായിരുന്നില്ല പ്രാചീന ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അവര്‍ക്ക് മേധാശക്തി എന്ന വൈഭവം ഉണ്ടായിരുന്നു.
പ്രാചീന ഭാരതത്തില്‍ ബുദ്ധിയെ പലതായി ഭാഗിച്ചിട്ടുണ്ട്. ‘മതി’ എന്നൊരു വാക്ക് നിങ്ങള്‍ കേട്ടിരിക്കും. ബുദ്ധിയുടെ ഒരു രൂപമാണത്. ‘സുമതി’ എന്ന് പറഞ്ഞാല്‍ നല്ല ബുദ്ധിയുള്ളവള്‍ എന്നാണര്‍ത്ഥം. മറ്റൊരു വാക്കാണ് ‘മതിഭ്രമം’. ബുദ്ധിക്ക് വരുന്ന ഭ്രമമാണ് അത്. എന്നാല്‍ ഇത് ചിന്തയുമായി ബന്ധപ്പെട്ട ബുദ്ധിയാണ്. ഇതുകൂടാതെ മേധ, ധീ തുടങ്ങിയ വേറെയും രൂപങ്ങളുണ്ട് ബുദ്ധിക്ക്. ചിലര്‍ക്ക് ഒപ്പിയെടുത്ത പോലെ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും. അതിനെ ഇക്കാലത്ത് ‘ഫോട്ടോഗ്രാഫിക് മെമ്മറി’ എന്ന് പറയും. ഒരു ഫോട്ടോഗ്രാഫിലേതുപോലെ, ഹ്രസ്വനോട്ടത്തിനു ശേഷം, വസ്തുതകളെ വിശദമായി ഓര്‍മ്മിച്ചെടുക്കാനുള്ള കഴിവാണത്. ആ ബുദ്ധിയാണ് മേധ. ഉപാസനയാലാണ് അത്തരം കഴിവുകള്‍ അങ്കുരിക്കുക.
ഭാരതത്തിന്റെ യഥാതഥമായ സാമ്പത്തിക വീക്ഷണം വേദങ്ങളിലാണ് പ്രകടമാകുന്നത്. ഇതേപോലെ വിഭിന്നങ്ങളായ, ജീവിതഗന്ധിയായ വിഷയങ്ങളെ പരിഗണിക്കുകയും ഉത്തമമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരുകയും ചെയ്യുന്നതുകൊണ്ടാണ് വേദം അടിസ്ഥാന ഗ്രന്ഥമാകുന്നത്. മറ്റൊരു ഉദാഹരണമെടുക്കാം. സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ സംഗതിയാണ് ആശയവിനിമയം. അതിന് പ്രാഥമികമായി വേണ്ടത് അക്ഷരങ്ങള്‍ ആണ്. നമ്മുടെ ഭാഷയില്‍ അ ആ ഇ ഈ ഉ ഊ ഇങ്ങനെ അക്ഷരങ്ങളുണ്ട്. എവിടെനിന്നാണ് ഈ അക്ഷരങ്ങള്‍ ആദ്യം ഉണ്ടായത് എന്നറിയാമോ?
ലോകത്തിലെ ആദ്യഗ്രന്ഥമായി പരിഗണിച്ചിരിക്കുന്ന ഋഗ്വേദത്തില്‍ നിന്നാണ് അക്ഷരങ്ങള്‍ ആദ്യമുണ്ടായത്. ഋഗ്വേദത്തിലെ ഒന്നാമത്തെ വേദമന്ത്രം ‘അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം. ഹോതാരം രത്നധാതമം’ എന്നാണ്. ഇതിലെ സ്വരാക്ഷരങ്ങളെ ശ്രദ്ധിച്ചുനോക്കൂ. അ, ഇ, ഈ, ഏ (അ+ഇ), ഉ, ഓ (അ+ഉ), ഋ, അം എല്ലാം ഇതില്‍ കാണാം. അതായത്, അക്ഷരവിജ്ഞാനത്തില്‍നിന്നാണ് വേദം ആരംഭിക്കുന്നതുതന്നെ. ഇതേപോലെ, സാമ്പത്തികദര്‍ശനം, കൃഷി, വാണിജ്യം, കുടുംബം, രാഷ്‌ട്രം തുടങ്ങി വേദം സ്പര്‍ശിക്കാത്ത മേഖലകളില്ല. ചുരുക്കത്തില്‍, വേദപഠനം എന്നത് ഉപാസന മാത്രമല്ല, ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇതെല്ലാം മുന്‍നിര്‍ത്തിയുള്ള ഉത്തമമായ ജീവിതരീതി കൂടിയാണ്.
പക്ഷേ വേദം പഠിക്കുന്നതിന് കൃത്യമായ പദ്ധതിയുണ്ട്. കാരണം ഇന്നത്തെ സംസ്‌കൃതമല്ല വേദങ്ങളിലെ ഭാഷ. ഒരു ഉദാഹരണം പറയാം. അജം എന്ന് പറഞ്ഞാല്‍ സംസ്‌കൃതത്തില്‍ ആട് എന്നാണ് അര്‍ഥം എന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ വേദത്തില്‍ അജം എന്നാല്‍ ജനിക്കാത്തത് എന്നാണര്‍ത്ഥം. ‘ജം’ എന്നാല്‍ ജനിക്കുക. അജം എന്ന് പറഞ്ഞാല്‍ ജനിക്കാത്തത്. മുളക്കാത്ത, ഏഴു കൊല്ലം പഴക്കമുള്ള വിത്തിനെ അജം എന്നു വിളിക്കും.
ഏറ്റവും പ്രാചീനകാലത്ത് വൈദിക സംസ്‌കൃതത്തില്‍ ഉപയോഗിച്ചിരുന്ന പലതും ഇന്ന് മനസ്സിലാക്കാന്‍ സാധാരണ ബുദ്ധി പോരാ. ആ ബുദ്ധികൊണ്ട് വേദങ്ങളെ ശരിയായി മനസ്സിലാക്കാന്‍ പറ്റില്ല. വേദജ്ഞാനം രഹസ്യശൈലിയില്‍ ആണ്. സൂക്ഷ്മമായി നോക്കിയാല്‍ ഓരോ മന്ത്രത്തിനും ആയുര്‍വേദപരവും ജ്യോതിഷപരവും, ഭാഷാപരവുമായ അര്‍ത്ഥങ്ങള്‍ കാണാം. എന്നാല്‍ വേദങ്ങളിലെ ഇരുപതിനായിരത്തില്‍പരം വരുന്ന മന്ത്രങ്ങളുടെ മറ്റെല്ലാ വൈജ്ഞാനിക അര്‍ത്ഥങ്ങളും മാറ്റിവെച്ച് യജ്ഞയാഗാദികളുമായി മാത്രം ബന്ധപ്പെടുത്തി വിശദീകരിക്കുന്ന സ്ഥിതിയിലേക്ക് മാറി. അങ്ങനെ വരുമ്പോള്‍, മന്ത്രത്തിലെ, മഴ ഉണ്ടാകുന്നതിനെക്കുറിച്ച് ശാസ്ത്രീയമായി വിവരിക്കുന്ന അറിവ് മനസ്സിലാക്കാതെ, അത് മഴ പെയ്യിക്കാന്‍ വേണ്ടി ചൊല്ലുന്ന മന്ത്രമായി മാത്രം മനസ്സിലാക്കും.
വേദങ്ങളിലെ അറിവുകളെ ആധുനിക കാലത്ത് എങ്ങനെ ഉപയോഗിക്കണം? ഈ കാലഘട്ടത്തില്‍ എങ്ങനെയാണ് ഇവ ഉപയോഗിക്കപ്പെടേണ്ടത്? കുടുംബം, കൃഷി, വാണിജ്യം, വിവാഹം, കുടുംബജീവിതം, ബ്രഹ്‌മചര്യജീവിതം ഇവ ഓരോന്നും എങ്ങനെ വേണം എന്നതിന് കൃത്യമായ സൂക്തങ്ങള്‍ വേദങ്ങളിലുണ്ട്.
ധനത്തെക്കുറിച്ച് വേദങ്ങള്‍ പറയുന്നത്, ധനം ധാരാളം ഉണ്ടാക്കണം എന്നാണ്. അതെന്തുകൊണ്ടാണ്? ലൗകിക ജീവിതം മുന്നോട്ടുപോകണമെങ്കില്‍ നിശ്ചയമായും ധനം ആവശ്യമാണ്. കുടുംബം നന്നായി പോകേണ്ടത് ഒരു സമൂഹത്തിന്റെ ആവശ്യമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ എങ്ങനെയാണ് ഇത് വളരെ പ്രസക്തമാകുന്നത് എന്നത് വ്യക്തമാണല്ലോ.
ആംഗസ് മാഡിസണ്‍ എന്ന ധനതത്ത്വ ശാസ്ത്രജ്ഞന്‍ പറയുന്നത് പതിഞ്ചാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഭാരതം എന്നാണ്. ലോക ജിഡിപിയുടെ ഇരുപത്തിയഞ്ചു ശതമാനത്തോളം ഭാരതത്തില്‍ നിന്നായിരുന്നു. ആ സമയത്ത് ബ്രിട്ടന്റെ ജിഡിപി 1.5 ശതമാനം ആണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ രീതിയായിരുന്നു പ്രധാനം. സമ്പൂര്‍ണ വിദ്യാഭ്യാസ രീതിയായിരുന്നു അത്. അതിന്റെ മേന്മ കൊണ്ടാണ് നമുക്ക് ബൃഹദീശ്വര ക്ഷേത്രം പോലുള്ള അത്ഭുതങ്ങള്‍ ഉണ്ടായത്. അവിടെ ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം അത്ഭുതകരമായി സംഗമിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ്ങില്‍ അവര്‍ എത്ര മുന്നേറിയിരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണത്.
ഇവിടെയാണ് വേദങ്ങളുടെ പ്രസക്തി. മന്ത്രം ജപിച്ച് ധനം ഉണ്ടാക്കുക എന്ന എളുപ്പവിദ്യയല്ല വേദങ്ങള്‍ ഉപദേശിക്കുന്നത്. വേദങ്ങളിലെ ശബ്ദങ്ങള്‍ക്ക് ഗുണം, കര്‍മം, സ്വഭാവം എന്നിവ കണ്ടെത്തി അതിനനുസരിച്ച് ജീവിതക്രമം ഉണ്ടാക്കുകയാണ് പ്രാചീനര്‍ ചെയ്തിരുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. തന്റെ വ്യക്തിത്വത്തിന്റെ ഗുണം എന്താണെന്ന് ആദ്യം നാം കണ്ടെത്തണം. അത് എങ്ങനെ കര്‍മത്തിലൂടെ തെളിയിക്കാം എന്ന് ചിന്തിക്കണം. അതിനായി പരിശ്രമിക്കണം. ആ കര്‍മം സ്വജീവിതത്തിന്റെ സ്വഭാവമായി പരിണമിക്കുമ്പോള്‍ ആ വ്യക്തിയുടെ സാമ്പത്തിക ദര്‍ശനം, ബലം, എന്നിവ രൂപപ്പെട്ടുവരുമെന്ന് വേദങ്ങള്‍ പറയുന്നു.
പ്രാചീന കാലത്ത് ഗുരുകുലത്തില്‍ വിദ്യാര്‍ത്ഥി എത്തുമ്പോള്‍ ആ വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ സമഗ്ര ലോകനന്മക്ക് ഉതകും വിധം മാറ്റാനാണ് ശ്രമിച്ചത്. തക്ഷശില അത്തരം വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അര്‍ത്ഥശാസ്ത്രം എഴുതിയ ചാണക്യന്‍, പഞ്ചതന്ത്രം എഴുതിയ വിഷ്ണു ശര്‍മ്മന്‍, വൈയാകരണനായ പാണിനി ഇവരെല്ലാം തക്ഷശിലയിലൂടെ വന്നവരാണ്.
തക്ഷശിലയിലെയും വിക്രമശിലയിലെയുമെല്ലാം അധ്യയനം നടന്നത് നമ്മുടെ ജീവിതത്തെ എങ്ങനെ സംതുലിതമാക്കാം എന്നതിനെ അധികരിച്ചു തന്നെയാണ്. അങ്ങനെ സംതുലിതമായ ജീവിതം ഉണ്ടാവാന്‍ നാം വേദങ്ങളിലെ അനുശീലനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം.
ശൂന്യതയില്‍ നിന്ന് ഒന്നും ഉണ്ടാവില്ല. മറിച്ച് ആചരിച്ചു ശീലിച്ചാല്‍ നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങും. നിങ്ങളുടെ ശക്തി വര്‍ധിക്കാന്‍ തുടങ്ങും. നിങ്ങളുടെ കണ്ണുകളുടെ തീക്ഷ്ണത വര്‍ധിക്കാന്‍ തുടങ്ങും. നിങ്ങളുടെ സംസാരം മൃദുവായി തീരുകയും ആ സംസാരത്തില്‍ നിങ്ങള്‍ക്ക് അത്രയധികം നിയന്ത്രണം ഉണ്ടാവുകയും ചെയ്യും. ആ നിയന്ത്രണം നിങ്ങളുടെ കണ്ണുകളുടെ നിയന്ത്രണമാണ്, നിങ്ങളുടെ നാക്കിന്റെ നിയന്ത്രണമാണ്, നിങ്ങളുടെ രസനയുടെ നിയന്ത്രണമാണ്, നിങ്ങളുടെ ചെവിയുടെ നിയന്ത്രണമാണ്, നിങ്ങളുടെ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം, ആ അച്ചടക്കത്തിലേക്കാണ് നാം എത്തേണ്ടത്. അതാണ് ശരിക്കും നമ്മള്‍ പഠിക്കേണ്ടത്. അത് പഠിക്കാനാണ് നാം ശ്രമിക്കേണ്ടത്. അങ്ങനെ വേദപഠനത്തിലൂടെ സൃഷ്ടമാകുന്ന സമഗ്രവും സമാധാനപൂര്‍ണവും ഉജ്ജ്വലവുമായ ജീവിതത്തിലേക്കാണ് നാം ഉയരേണ്ടത്.
(കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ പുതിയ വേദപഠനപദ്ധതി ഉദ്ഘാടനം ചെയ്ത് വേദാചാര്യന്‍ ആചാര്യശ്രീ രാജേഷ് നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം)
















