ഭാരതമെന്ന ജനാധിപത്യ രാജ്യത്തില്‍, ജനാധിപത്യത്തിന്റെ വിശ്വാസ്യത നിലനില്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വാഭാവിക നിഷ്പക്ഷതയിലാണ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍പ്പട്ടികാ പുതുക്കലുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് നടന്ന പുകിലുകള്‍, രാജ്യത്ത് കഴിഞ്ഞ കുറെ ആഴ്ചകളായി ഉണ്ടാക്കിയ അനുരണനങ്ങളും വിവാദങ്ങളും വലുതാണ്. അങ്ങിനെ ഉയര്‍ന്നുവന്ന പല ആശങ്കകളും ആരോപണങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ പോലും ഇളക്കാന്‍ ശേഷിയുള്ളതായിരുന്നു. എന്നാല്‍ ജനാധിപത്യമെന്ന ആ അടിത്തറയെ ചെറുതായൊന്നു തൊടാനുള്ള ശേഷി, അതിനുണ്ടായില്ലെന്നു മാത്രമല്ല; പൂര്‍ണ്ണശോഭയോടെ ജനാധിപത്യം ഉദിച്ചുയരുന്ന കാഴ്ചയും നമ്മള്‍ കണ്ടു.
വിവാദങ്ങള്‍ക്കല്ല; വികസന കാഴ്ചപ്പാടുകള്‍ക്കാണ് വോട്ട്
യഥാര്‍ത്ഥത്തില്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ പഠിപ്പിച്ച പാഠമാണിത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി, വോട്ടുചോരിയുടെ തെളിവുകള്‍ വെച്ച്, രാഹുല്‍ ഗാന്ധി കളം നിറഞ്ഞപ്പോള്‍ മറുഭാഗം, സര്‍ക്കാരിന്റെ മേന്മ മാത്രം ഉയര്‍ത്തിക്കാട്ടിയാണ്, പ്രചാരണം കൊഴുപ്പിച്ചത്. പ്രതീക്ഷകളുടെ ലോകം സ്വപ്‌നം കണ്ട വോട്ടര്‍മാര്‍ സ്വാഭാവികമായും ഇന്‍ഡി മുന്നണിയെ തൂത്തെറിഞ്ഞു. ആര്‍ ജെ.ഡി.യുടെ പ്രദേശിക ശക്തിയില്ലായിരുന്നെങ്കില്‍ ഈ മുന്നണിയുടെ ആത്മാഭിമാനം നഷ്ടപ്പെട്ട് അസ്ഥിപഞ്ജരമായേനെ.
ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണവുമായി രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ നവംബര്‍ ആറിന് തൊട്ടു തലേന്നായിരുന്നു. ഇതോടൊപ്പം ഇപ്പോള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണവും ആയുധമാക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ ഇതൊന്നും ചര്‍ച്ചയേ ആയില്ലെന്നു മാത്രമല്ല, ഗ്രാമ നഗരദേദമില്ലാതെ ഒന്നടങ്കം എന്‍.ഡി.എ.യെ ആശ്ലേഷിച്ചു. രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയ ഓപ്പറേഷന്‍ സിന്ദൂറും ലാലുപ്രസാദിന്റെ (ആര്‍.ജെ.ഡിയുടെ) മുന്‍ ഭരണത്തകാലത്തെ ക്രമസമാധാന പ്രശ്നങ്ങളും കുടുംബാധിപത്യവും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് എന്‍.ഡി.എ നടത്തിയത്. മകന്‍ തേജസ്വി യാദവിനെ ബീഹാര്‍ മുഖ്യമന്ത്രിയാക്കാന്‍ ലാലുപ്രസാദ് യാദവും രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ സോണിയയും ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും മുന്‍ അഴിമതിക്കഥകളും ശരിക്കും ഏറ്റു. അപ്പുറത്ത് നരേന്ദ്ര മോദി-നിതീഷ് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന പ്രയോഗവും അവര്‍ നേതൃത്വം നല്‍കിയ മഹിളാ റോസ്ഗാര്‍ യോജന അടക്കമുളള ജനക്ഷേമ വികസന കാര്യങ്ങളും ചേര്‍ന്നപ്പോള്‍ വിജയം, കൈപ്പിടിയിലൊതുങ്ങി.
എന്തുകൊണ്ട് ദേശീയ ജനാധിപത്യ സഖ്യം
ജംഗിള്‍ രാജെന്നത്, ബീഹാറിലെ ജനങ്ങള്‍ മറക്കാനാഗ്രഹിച്ച ഭരണമായിരുന്നു. വലിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ പഴയ, ‘ജംഗിള്‍ രാജ്’ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, രാഷ്‌ട്രീയപരമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നിട്ടും, മിതവാദിയായ നിതീഷ് കുമാറിലേയ്‌ക്ക് അവര്‍ ചുരുങ്ങാനാഗ്രഹിച്ചു. സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ കൂടുതല്‍ സ്വീകാര്യത ഇതു മൂലം നിതീഷിനുണ്ടായി. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ജനപ്രിയ ഇടപെടലുകളും പദ്ധതികളും വലിയ സ്വാധീനമുണ്ടാക്കി. സ്ത്രീ വോട്ടര്‍മാരുടെയും ഇബിസി വിഭാഗത്തിന്റെയും സവിശേഷ പിന്തുണ, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. തെരഞ്ഞെടുപ്പിലുണ്ടായ സ്ത്രീ വോട്ടര്‍മാരുടെ അസാധാരണമായ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. പല ജില്ലകളിലും സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തി. ഇത് എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്നു വേണം കരുതാന്‍.
















