ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഡോ. ഉമര്‍ നബി രാജ്യത്ത് സ്‌ഫോടനപരമ്പര നടത്തുന്നതിനായി നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ 26 ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ളവരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്.
ഉമര്‍ നബി ഹരിയാനയിലെ നൂഹില്‍ നിന്ന് വലിയ അളവില്‍ വളം സംഭരിച്ചതായും അന്വേഷണസംഘം കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനാവുന്ന എന്‍പികെ വളമാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ലൈസന്‍സില്ലാതെ വളം വില്‍പന നടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹില്‍ നിന്ന് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്‌ഫോടന ദിവസം വസീര്‍പുര്‍ വ്യവസായ മേഖലയില്‍ ഉമര്‍ നബി കാര്‍ നിര്‍ത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു. വന്നയാള്‍ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനു ശേഷം മടങ്ങിയെന്നും ചയക്കടക്കാരന്‍ മൊഴി നല്‍കി.
ഉമറിന്റെ കാര്‍ ഏകദേശം മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തിരുന്ന സുനേരി മസ്ജിദ് പാര്‍ക്കിങ്ങിലെ സന്ദര്‍ശക രജിസ്റ്ററുകളും വാഹനങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ജില്ലാതല പരിശോധനയുടെ ഭാഗമായി വിവിധ പള്ളികള്‍, 40 വളം-വിത്ത് കടകള്‍, 200 ഗസ്റ്റ് ഹൗസുകള്‍, 1,700 വാടകക്കാര്‍, ജമ്മു കശ്മീരില്‍ നിന്നുള്ള 500-ലധികം ആളുകളെയും പരിശോധിച്ചതായി ഫരീദാബാദ് പോലീസ് അറിയിച്ചു.
















