പത്തനംതിട്ട: ഓരോ ഭരണ സമിതിയും അധികാരത്തില്‍ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സംഭവിക്കുന്നത് കോടികളുടെ ധൂര്‍ത്ത്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ചേരേണ്ട ബോര്‍ഡ് യോഗത്തിനായി നിയമം മറികടന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കായി തിരുവനന്തപുരത്ത് പ്രത്യേകം വീടുകള്‍ അനുവദിക്കാറുണ്ട്. രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ബോര്‍ഡ് അംഗങ്ങള്‍ ഒഴിയുമ്പോള്‍ വീട്ടുപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മിഷീന്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പുതിയ അംഗങ്ങള്‍ക്ക് കൈമാറാതെ ലേലം എന്ന പേരില്‍ ചെറുതുകയ്‌ക്ക് ദേവസ്വം ഉദ്യോഗസ്ഥര്‍ തന്നെ അടിച്ചു മാറ്റുകയാണ് പതിവ്.
കഴിഞ്ഞ കുറെ നാളുകളായി ഒരാള്‍ക്ക് തന്നെയാണ് കച്ചവടം. ഇവ ഒന്നും തന്നെ ദേവസ്വം ബോര്‍ഡിന്റെ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താറില്ല. സ്ഥാനമേല്‍ക്കുന്ന അംഗങ്ങള്‍ക്കായി വീട് പെയിന്റിങ് അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയ ശേഷം പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങിക്കുകയാണ് രീതി. ഇതിനും കമ്മിഷന്‍ ലഭ്യമാണ്.
യഥാര്‍ത്ഥത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ആഴ്‌ച്ചയില്‍ രണ്ടു ദിവസം താമസിക്കാന്‍ പ്രത്യേകം വസതി നല്‍കാന്‍ വ്യവസ്ഥയില്ല. ഇല്ലാത്ത നിയമത്തിന്റെ മറവിലാണ് ഈ തട്ടിപ്പ്. ദേവസ്വം അംഗങ്ങള്‍ക്ക് ഓണറേറിയം കൂടാതെ ഇരുപത് ലക്ഷത്തിനു മേല്‍ വില വരുന്ന ഇന്നൊവൊ കാറും നല്‍കുന്നുണ്ട്. സ്വന്തമായി ഇന്ധനം നിറച്ച് കി.മീറ്റര്‍ കണക്കാക്കി യാത്രാപ്പടി എഴുതിയെടുക്കാം. പ്രതിമാസം ലക്ഷങ്ങളാണ് ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് ചെലവാകുന്നത്. ദേവസ്വം ഫണ്ട് ദേവസ്വം കമ്മിഷണറുടെ പേരിലാണെങ്കിലും അത് ദേവസ്വം അക്കൗണ്ട്‌സ് ഓഫീസറുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ഏറെ നാളായി ദൈനംദിന സാമ്പത്തിക വിനിമയം അക്കൗണ്ട് രേഖകളില്‍ കൃത്യമായി രേഖപ്പെടുത്താറില്ല. അതിനാല്‍ ദിവസവുമുള്ള നീക്കിയിരിപ്പ് കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ബാങ്കായ തിരുവനന്തപുരം നന്തന്‍കോടുള്ള ധനലക്ഷ്മി ബാങ്ക് ശാഖയെയാണ് ആശ്രയിക്കുന്നത്. ബാങ്ക് അധികൃതര്‍ നല്‍കുന്ന രേഖയാണ് പൊതുഫണ്ടിനെ കുറിച്ചുള്ള ഏക വിവരം. അതിനാല്‍ സാമ്പത്തിക തിരിമറികള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ദേവസ്വം മാനുവല്‍ അനുസരിച്ച് ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊതുമേഖലാ ബാങ്കുകളിലൊ കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള പോസ്റ്റ് ഓഫീസ് പോലുള്ള സ്ഥാപനങ്ങളിലൊ ആകണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതു മറികടെന്നാണ് ഷെഡ്യൂള്‍ഡ് ബാങ്കായ ധനലക്ഷ്മിയില്‍ പണം നിക്ഷേപിക്കുന്നത്. കാലാകാലങ്ങളില്‍ ബോര്‍ഡിന്റെ ഭരണസാരഥ്യം വഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ധനലക്ഷ്മി ബാങ്കില്‍ ജോലി ലഭിക്കാനുള്ള കാരണവും ഇതാണ്.
















