പട്‌ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പ്രാരംഭ ട്രെൻഡുകൾ എൻഡിഎ ഭൂരിപക്ഷം നേടുന്നതായിട്ടാണ് കാണിക്കുന്നത്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം പിന്നിലാണ്. അതേസമയം ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് ഭാഗ്യം പരീക്ഷിക്കുന്ന മഹുവ തെരഞ്ഞെടുപ്പിലെ ചൂടേറിയ സീറ്റുകളിലൊന്ന്. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ജനശക്തി ജനതാദൾ തലവനും മഹുവയിലെ സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ് എൽജെപി സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങ്ങിനേക്കാൾ പിന്നിലാണെന്ന് ട്രെൻഡുകളിൽ കാണപ്പെടുന്നു.
മഹുവ സീറ്റിൽ ആർജെഡിയുടെ ഡോ. മുകേഷ് റോഷനെയാണ് തേജ് പ്രതാപ് പ്രധാനമായും നേരിടുന്നത്. അതേസമയം ജൻ സൂരജ് പാർട്ടിയുടെ ഇന്ദ്രജിത്ത് പ്രധാന്റെ വിധിയും ഇവിഎമ്മിൽ ഒതുങ്ങി നിൽക്കുകയാണ്. എൽജെപി (റാം വിലാസ്) സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിംഗും ഈ സീറ്റിൽ മത്സരിക്കുന്നു. മറ്റൊരു സ്ഥാനാർത്ഥിയായ അമിത് കുമാർ എഐഎംഐഎം ടിക്കറ്റിലാണ് മത്സരിക്കുന്നത്.
നേരത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ എക്‌സിറ്റ് പോളുകളിൽ തനിക്ക് വിശ്വാസമില്ലെന്നും നവംബർ 14 ന് എന്തും സംഭവിക്കാമെന്നും തേജ് പ്രതാപ് പറഞ്ഞിരുന്നു. കൂടാതെ തേജ് പ്രതാപ് മഹുവ സീറ്റിൽ വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.
അതേ സമയം തേജിന്റെ രാഷ്‌ട്രീയം ഏറെ നാടകീയതകൾ നിറഞ്ഞതാണ്. സ്വഭാവ ദൂഷ്യത്തിനും അച്ചടക്ക നടപടികളിലും പെട്ട് ആറ് വർഷത്തേക്ക് രാഷ്‌ട്രീയ ജനതാദളിൽ നിന്നും പിന്നീട് കുടുംബത്തിൽ നിന്നും തേജ് പ്രതാപിനെ പുറത്താക്കി. അതിനുശേഷം അദ്ദേഹം ജനശക്തി ജനതാദൾ സ്ഥാപിച്ചു. തുടർന്ന് ഈ തെരഞ്ഞെടുപ്പിൽ ബീഹാറിൽ അദ്ദേഹം 43 സ്ഥാനാർത്ഥികളെ നിർത്തി. അവരിൽ ഭൂരിഭാഗവും ആർജെഡിയുടെ യാദവ മേധാവിത്വമുള്ള മണ്ഡലങ്ങളെ വെല്ലുവിളിക്കുന്നതിനായിരുന്നു.
















