പാലക്കാട് : കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി എന്തിന് അസഹിഷ്ണുത കാണിക്കുന്നെന്ന് ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞ് നില്‍ക്കുന്ന പി കെ ശശി.
വിവരമില്ലായ്‌മ ഒരു കുറ്റമല്ല. അത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നതും അത് കൈയിലെ ഒരു വലിയ ഭൂഷണമായി കരുതുന്നതുമാണ് വലിയ അപമാനം.അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ഞാനങ്ങ് ചെറുതായിപ്പോകും പറഞ്ഞ ആളങ്ങ് വലുതായിപ്പോകുമെന്ന ധാരണയാണുള്ളതെങ്കില്‍ എനിക്കൊന്നും പറയാനില്ല. കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമെന്താണുള്ളത്. ഞാന്‍ പറഞ്ഞത് ഒരു വ്യക്തിയെയും ഉദ്ദേശിച്ചല്ലെന്നും പാലക്കാട് ജില്ലാ സെക്രട്ടറി എന്‍ സുരേഷ് ബാബുവിനെ വിമര്‍ശിച്ച് കൊണ്ട് പി കെ ശശി പറഞ്ഞു.
പുട്ടിന് പീരയിടും പോലെ പി കെ ശശി എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ പുണ്യം കിട്ടുമെങ്കില്‍ അത് ഈ പറയുന്നയാളുകള്‍ക്കിരിക്കട്ടെ. പാര്‍ട്ടിയില്‍ ഏത് സുരേഷ് ബാബുവിനും പി കെ ശശിക്കും അഞ്ച് രൂപയുടെ മെമ്പര്‍ഷിപ്പാണ് ഉളളത്. പികെ ശശിയുടെ മെമ്പര്‍ഷിപ്പ് അഞ്ച് രൂപയുടെയും സുരേഷ് ബാബു ഉള്‍പ്പടെയുള്ളവരുടേത് 500 രൂപയുടെയും വിലയാന്നുമല്ല.
ലണ്ടനിലെ മാര്‍ക്സിന്റെ ശവകുടീരത്തിന് സമീപം നിന്നുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു പി.കെ ശശിയുടെ കുറിപ്പ്. മാര്‍ക്സും മാര്‍ക്സിസവും അജയ്യവും അമരവും നിത്യവസന്തവുമാണ്. സ്പിരിറ്റും കള്ളും കൂട്ടിച്ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ കെമിസ്ട്രി മനസിലാവില്ല. കൂടെ നില്‍ക്കേണ്ടവരെയും കൂട്ടിനിരിക്കേണ്ടവരെയും കണ്ണുരുട്ടി ഭയപ്പെടുത്തി മൗനികളും അടിമകളുമാക്കി മാര്‍ക്സിസം പ്രയോഗിക്കാന്‍ ആകില്ലെന്നും ശശി കുറിച്ചു.രണ്ടാഴ്ച മുന്‍പ് പാലക്കാട് മീനാക്ഷിപുരത്ത് സ്പിരിറ്റ് ശേഖരം പിടിച്ച കേസില്‍ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ അടുപ്പക്കാരനും പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയും സഹായിയും ജയിലില്‍ ആയിരുന്നു.
ഇത്തരം പോസ്റ്റ് ഇടുന്നത് കൊണ്ടാണ് പി.കെ ശശി ബ്രാഞ്ചില്‍ ഇരിക്കുന്നതെന്ന് ഇ.എന്‍ സുരേഷ് ബാബു പ്രതികരിച്ചു.അച്ചടക്ക നടപടിയുടെ പേരിലാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരം താഴ്‌ത്തിയത്.
















