ന്യൂദല്‍ഹി : എല്ലാ ഹൈക്കോടതികളുടെയും വെബ്സൈറ്റുകളില്‍ വിധിന്യായങ്ങള്‍ മാറ്റിവച്ചതും പ്രഖ്യാപിച്ചതും അപ്ലോഡ് ചെയ്തതുമായ തീയതികള്‍ സൂചിപ്പിക്കുന്ന ഡാഷ്ബോര്‍ഡ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ആറ് മാസത്തില്‍ കൂടുതല്‍ മാറ്റിവച്ചതും എന്നാല്‍ പ്രഖ്യാപിക്കാത്തതുമായ വിധിന്യായങ്ങളുടെയും ആറ് മാസത്തിനുശേഷം പ്രഖ്യാപിക്കുന്ന വിധിന്യായങ്ങളുടെയും എണ്ണം ഇതില്‍ കാണിക്കണം.
ഈ വിവരങ്ങള്‍ ഓട്ടോമേറ്റഡ് ആയിരിക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇത് ജുഡീഷ്യറിയുടെ സുതാര്യതയും ജനങ്ങളോടുള്ള ഉത്തരവാദിത്വവും പ്രകടമാക്കുമെന്ന് ജസ്റ്റിസ് ബാഗ്ചിയും പറഞ്ഞു . 2025 മെയ് 5-നകം വിധിന്യായങ്ങള്‍ പ്രഖ്യാപിക്കാത്ത കേസുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറല്‍മാരോട് കോടതി നിര്‍ദ്ദേശിച്ചു.
















