പട്ന:ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന നേതാവായി ഇന്ത്യയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര് സ്ഥാനം പിടിക്കുമോ? ബീഹാറില്‍ എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ രാഹുല്‍ ഗാന്ധി ഏറ്റവും കൂടുതല്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ രാഷ്‌ട്രീയ നേതാവായി മാറും.
ബീഹാറില്‍ കൂടി തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ 91ാമത്തെ പരാജയമായി മാറും. ഫലത്തില്‍ ഇത് കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പുകളിലെ 91ാമത്തെ തോല്‍വിയായി മാറും. രാഹുല്‍ ഗാന്ധിയുടെ ഏറ്റവും നാണം കെട്ട പരാജയം 2014, 2019, 2024 വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.
വിവാഹം കഴിക്കില്ലേ എന്ന് ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ രാഹുല്‍ ഗാന്ധിയോട് ഒരു കുട്ടി ചോദിച്ചിരുന്നു. ചില ദൗത്യങ്ങള്‍ തീര്‍ത്തതിന് ശേഷം വിവാഹം എന്നായിരുന്നു ഈ ക്രോണിക് ബാച്ചിലര്‍ അന്ന് തട്ടിവിട്ടത് (ഇദ്ദേഹം വിദേശ വനിതകളെ വിവാഹം കഴിച്ചെന്നും അതില്‍ കുട്ടികള്‍ ഉണ്ടെന്നും ബ്ലിറ്റ് സ് എന്ന പത്രം ആരോപിച്ചെങ്കിലും ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞില്ലെന്ന കാര്യം നല്‍ക്കാലം മറക്കാം.). രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടാവാം വിവാഹം എന്നാണ് രാഹുല്‍ ഗാന്ധി ഉള്ളില്‍ കരുതുന്നതെങ്കില്‍ അതിന് സാധ്യത വിരളമാണ്. എന്നെന്നേയ്‌ക്കുമായി അവിവാഹിതപട്ടം ചുമന്ന് ജീവിക്കേണ്ടിവരുമോ എന്ന ആശങ്കയാണ് രാഷ്‌ട്രീയനിരീക്ഷകര്‍ പങ്കുവെയ്‌ക്കുന്നത്.
ഒമ്പത് എക്സിറ്റ് പോളുകളാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ വിജയം പ്രഖ്യാപിച്ചത്. ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്കര്‍, ഡിവി റിസര്‍ച്ച്, ജെവിസി, മാട്രിസ്, പി-മാര്‍ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, ടിഐഎഫ് റിസര്‍ച്ച് എന്നിവരാണ് എന്‍ഡിഎ സഖ്യം 130നും 167നും ഇടയില്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതിയാകും.
















