ന്യൂദല്‍ഹി:ദല്‍ഹിയില്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഒരു ഹ്യൂണ്ടായ് ഐ20 കാര്‍ ആണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാറില്‍ മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നതായി പറയുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആയിരുന്നെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറിന്റെ പിന്നില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ദേഹത്ത് ആണിയോ വയറോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ ദേഹത്ത് പൊള്ളലോ കരിഞ്ഞ പാടുകളോ ഇല്ല. അതിനര്‍ത്ഥം ശരീരത്തില്‍ ബോംബ് കെട്ടി സ്ഫോടനം നടത്തുന്ന ചാവേര്‍ രീതിയല്ല ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് കരുതുന്നു. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് വലിയ ഗര്‍ത്തമൊന്നും രൂപപ്പെട്ടിട്ടില്ല.
ഈ കാര്‍ പൊട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്തുണ്ടായ അഞ്ചോ ആറോ വാഹനങ്ങള്‍ പാടെ കത്തിനശിച്ചു. ദല്‍ഹിയില്‍ സ്ഫോടനം നടത്താന്‍ കരുതിവെച്ച 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും പിടികൂടുകയും നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എട്ട് ഇസ്ലാമിക ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും, രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനടുത്ത് കാര്‍ സ്ഫോടനം ഉണ്ടായത്.
മരിച്ചവരുടെ എണ്ണം പത്തായി
സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 14 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത
ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തിപ്പെടുത്തി. ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാതിരിക്കാനും ആരെങ്കിലും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാതിരിക്കാനുമാണ് ഈ ജാഗ്രത.
ഐജിഐ എയര്‍പോര്‍ട്, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ദല്‍ഹി മെട്രോ എന്നിവിടങ്ങളില്‍ സിഐഎസ് എഫ് കാവല്‍ ശക്തമാക്കി. ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അവധിയായിരിക്കും. മുംബൈ നഗരത്തില്‍ സുപ്രധാന ഇടങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെടുന്നുണ്ട്. സാവധാനത്തില്‍ നീങ്ങുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള വാഹനങ്ങള്‍ക്കും കേടുപറ്റി.
ദൃക്സാക്ഷികള്‍ പറയുന്നത് ഭൂമി പിളര്‍ക്കുന്നതുപോലെയായിരുന്നു സ്ഫോടനമെന്നാണ്. മരിക്കുന്നതുപോലെ തോന്നിയെന്നും സ്ഫോടനത്തിന് ദൃക്സാക്ഷിയായ ഒരാള്‍ പറയുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ തെരുവ് വിളക്ക് വരെ പൊട്ടിച്ചിതറി.
















