ന്യൂദല്‍ഹി: പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തെ വാക്കാല്‍ അറിയിച്ചു. ഉപസമിതി റിപ്പോര്‍ട്ട് വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുളള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു. എസ് എസ് കെ ഫണ്ട് കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു സംസാരിച്ചത്. 1066 കോടി രൂപ ഒറ്റ തവണയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി അനുഭവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജന്‍ ധന്‍ ഹോസ്റ്റലുകള്‍ക്ക് ഉള്ള ആറ് കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനായുള്ള മൂന്ന് കോടി രൂപയും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
അതിനിടെ, വന്ദേഭാരത് ട്രെയിനില്‍ കുട്ടികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ച വീഡിയോ ദക്ഷിണ റെയില്‍വേ പേജില്‍ പങ്കുവച്ചതില്‍ അടിയന്തിര ഇടപെടല്‍ തേടി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അന്വേഷണം നടത്തണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അംഗീകാരത്തിന് സംസ്ഥാനത്തിന്റെ അംഗീകാരം വേണം. എന്‍ഒസി ഏത് സമയം വേണമെങ്കിലും റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകളെ പാടാന്‍ പാടുള്ളു. എന്‍എസ്എസിന്റെ ഗാനം അംഗീകരിക്കപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.
















