തൃശൂർ: കേരളത്തില്‍ ബിജെപിയില്‍ പ്രതീക്ഷ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്ന് പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിനുള്ള വമ്പിച്ച പൈസ കൊടുക്കാതെ കിട്ടുന്ന ഇന്ധനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോകുന്ന ഇടങ്ങളില്‍ നിന്ന് കിട്ടുന്ന, ഞങ്ങള്‍ക്ക് കൗണ്‍സിലര്‍ ആകാന്‍ മോഹിക്കാന്‍ പോലും പറ്റാത്ത ഡിവിഷനുകളില്‍ പോകുമ്പോള്‍ കിട്ടുന്ന പള്‍സ്, അത് കേരളത്തിന്റെ പള്‍സാണെന്നും സുരേഷ് ഗോപി പറഞ്ഞു.
വികസിത് ഭാരത് 2047 എന്ന് പറയുമ്പോള്‍ സബ്കാ സാത്ത്, സബ്കാ പ്രയാസ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്. അതില്‍ നാരി ശക്തി, യുവ ശക്തി, ഗരീബ് കല്യാണ്‍, അന്നദാതാ ഇത്രയും വെര്‍ട്ടിക്കല്‍സ് ഞങ്ങള്‍ വികസിത് ഭാരത് 2047 എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ കേരളം അനിവാര്യതയാണ്. ശക്തമായി കേരളത്തിനും ആ പരിഗണന കിട്ടണമെങ്കില്‍ എന്താണ് സാധ്യത എന്നത് ഞങ്ങള്‍ക്ക് ഇനി പ്രചരിപ്പിക്കേണ്ട ഭാരം കുറഞ്ഞിരിക്കുന്നു. ആ പ്രചരണം ജനങ്ങള്‍ ആവാഹിച്ചു കഴിഞ്ഞിരിക്കുന്നു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി.
ജനങ്ങള്‍ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിര്‍വഹണത്തിന് ഞങ്ങളുടെ ശക്തമായ സാന്നിധ്യം എന്ന് പറയുന്നത് ഭീഷണി തന്നെയായിരിക്കും. ഞങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഡിവിഷനുകളില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാകും. അത് ഞങ്ങളുടെ കരുത്തല്ല. ജനങ്ങളില്‍ മനമാറ്റം വന്നത് വഴിയുള്ള കരുത്താണ്. ബിജെപിയുടെ പ്രതീക്ഷ അധിഷ്ഠിതമായിരിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ബലത്തിലാണ്. അവര്‍ കൃത്യമായ സ്ഥാനാര്‍ത്ഥിയെ കൊടുത്താല്‍, നിങ്ങള്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുന്നത് കാണും – സുരേഷ് ഗോപി പറഞ്ഞു.
















