ഹൈദരാബാദ് ; പെൺകുട്ടികൾ പാമ്പുകൾ , പാറ്റകൾ , എലികൾ , തേളുകൾ എന്നിവയെ ഭയപ്പെടുന്നത് സാധാരണമാണ് . പക്ഷേ അവ ആത്മഹത്യ ചെയ്യാൻ കാരണമാകുന്നത് അപൂർവ്വമാണ് . എന്നാൽ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ ഉറുമ്പുകളെ ഭയന്ന് യുവതി ജീവനൊടുക്കി . 25 കാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്.
മെർമെക്കോഫോബിയ എന്നറിയപ്പെടുന്ന ഈ അപൂർവ ഭയാവസ്ഥയാണ് യുവതിയുടെ ദാരുണ മരണത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളെ ഭയമായിരുന്നു . ഇതിന് മുമ്പ് ഇതിനായി ആശുപത്രിയിൽ കൗൺസിലിംഗ് തേടിയിരുന്നു .
നവംബർ നാലിന് രാവിലെ മകളെ യുവതി ബന്ധുവീട്ടിൽ വിട്ടു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് മകളെ ബന്ധുവീട്ടിലാക്കിയത്. രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ , ” ക്ഷമിക്കണം , എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല , കുട്ടികളെ നന്നായി നോക്കണം ‘ എന്നും എഴുതിയിരുന്നു . വീട് വൃത്തിയാക്കുന്നതിനിടെ ഉറുമ്പുകളെ കണ്ടതായിരിക്കാമെന്നും ഭയം മൂലം ജീവനൊടുക്കിയതാകാമെന്നും പോലീസ് പറഞ്ഞു .











