ന്യൂദല്‍ഹി: അശ്ലീലദൃശ്യങ്ങള്‍ തടയുന്നതിനുള്ള ദേശീയ നയം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, സോഷ്യല്‍ മീഡിയ നിരോധിച്ചതിനെത്തുടര്‍ന്ന് നേപ്പാളില്‍ അടുത്തിടെ നടന്ന യുവജന പ്രക്‌ഷോഭം സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. ‘അവിടെ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. അതിന്റെ ഫലം എന്തായിരുന്നു? എല്ലാവരും അത് കണ്ടതാണ്’ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.
അഴിമതി, തൊഴിലില്ലായ്‌മ തുടങ്ങിയവ പരിഹരിക്കുന്നതില്‍ നേപ്പാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരെ അവിടത്തെ യുവജനങ്ങള്‍ക്കിടയില്‍ രോഷം ഉണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമായിരുന്നുവെന്ന പരോക്ഷമായ ഓര്‍മ്മപ്പെടുത്തലാണ് സുപ്രീം കോടതി നടത്തിയത്.
പൊതുസ്ഥലങ്ങളില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ അശ്ലീലം കാണുന്നത് തടയുന്നതിനും ഒരു ദേശീയ നയം രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടിക്കൊണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
















