കൊല്‍ക്കൊത്ത: 12 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന (എസ് ഐ ആര്‍) നടക്കാനിരിക്കെ ബംഗാളില്‍ അതിന് തടയിടാന്‍ മമത ബാനര്‍ജി പൊടുന്നനെ തെരുവിലിറങ്ങിയത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. സുപ്രീംകോടതി കൂടി അംഗീകരിച്ച പ്രക്രിയയാണ് വോട്ടര്‍പട്ടികയിലെ കുറവുകള്‍ തീര്‍ക്കാനുള്ള എസ് ഐആര്‍. ബംഗാളില്‍ എസ് ഐആര്‍ നടത്തുന്നതിനോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ പോകുന്നതിന് പകരം എന്തിനാണ് തെരുവില്‍ കലാപമുണ്ടാക്കാന്‍ മമത ഇറങ്ങിയിരിക്കുന്നത്? ഭരണഘടനാസ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കാന്‍ എങ്ങിനെയാണ് മമതയ്‌ക്ക് കഴിയുക? അത് നിയമവിരുദ്ധമല്ലേ? ആരാണ് മമതയ്‌ക്ക് പിന്നില്‍ ചരടുവലിക്കുന്നത്?
ക്രമസമാധാനം വെല്ലുവിളിക്കാനുള്ള മമത ബാനര്‍ജിയുടെ നീക്കം ഒരു യുദ്ധപ്രഖ്യാപനം തന്നെയാണ്. ഈ സമരത്തിലൂടെ ബിജെപിയെ വീഴ്‌ത്തും എന്ന് മമത വെല്ലുവിളിക്കുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു കലാപത്തിനുള്ള ഒരുക്കുകൂട്ടല്‍ നടക്കുന്നു എന്ന് വേണം കരുതാന്‍. അത് നേപ്പാളിലേതുപോലുള്ള ഒരു ഭരണമാറ്റക്കലാപത്തിനാണോ മമത ഒരുങ്ങുന്നത്??തെരുവില്‍ കലാപമുണ്ടാക്കാന്‍ ഭയമില്ലാത്ത നേതാവായ മമത മറ്റൊരു കലാപത്തിന് ഒരുങ്ങുകയാണോ? ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സുപ്രീംകോടതിയെ വെല്ലുവിളിക്കുക എന്നതിനര്‍ത്ഥം ഭരണഘടനയെ വെല്ലുവിളിക്കുക എന്നത് തന്നെയാണ്.
കൊല്‍ക്കത്തയില്‍ നടന്ന ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ നിറയെ ജമാഅത്തുകാരായിരുന്നു എന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം ചൂണ്ടിക്കാണിക്കുന്നത് ബംഗാളില്‍ ഒരു വര്‍ഗ്ഗീയ പ്രതിരോധമാണ് മമത തീര്‍ക്കുന്നത് എന്നാണ്. ഈ ജമാ അത്തെവിഭാഗക്കാരും മമതയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ രോഹിംഗ്യന്‍ മുസ്ലിങ്ങളെയാണ്. അനധികൃതമായി ബംഗാളില്‍ എത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ ഇവര്‍ക്ക് വ്യാജരേഖകള്‍ ചമച്ച് വോട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍.
എസ് ഐ ആറിനെതിരെ മമതയ്‌ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടൂ എന്നാണ് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് സമിക് ഭട്ടാചാര്യ പ്രതികരിച്ചത് . മമതയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രകടനം ബംഗാളില്‍ ക്രമസമാധാനമില്ലെന്നും സമ്പൂര്‍ണ്ണ അരാജകത്വമാണന്നും ഉള്ളതിന്റെ സൂചനയാണെന്ന ഭട്ടാചാര്യയുടെ പ്രതികരണം ശരിയാണ്. മമത ബാനര്‍ജി രോഹിംഗ്യകളെ ബംഗാളിലേക്ക് വിളിച്ചുകയറ്റുകയാണ്. ബംഗാളിലെ ജനസംഖ്യാഘടന തന്നെ ഇത് കാരണം അട്ടിമറിക്കപ്പെടുകയാണ്. രോഹിംഗ്യകളെ ബംഗാളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടോ?- സമിക് ഭട്ടാചാര്യ ചോദിച്ചു.
മമത അവരുടെ അനധികൃത വോട്ട് ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ മാര്‍ച്ചായിരുന്നു ചൊവ്വാഴ്ച നടത്തിയതെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തിയത്. ഇതിന്റെ കാരണവും അമിത് മാളവ്യ വിശദീകരിക്കുന്നുണ്ട്. “ബംഗാളിലെ വോട്ടര്‍മാരുടെ എണ്ണം അസാധാരണമായ രീതിയില്‍ പെരുകുകയാണ്. 2001 മുതല്‍ ഇതുവരെയുള്ള കാലഘട്ടമെടുത്താല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയാണ് ഉണ്ടായത്. “- എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അമിത് മാളവ്യ വിശദീകരിക്കുന്നു.
.
ഒരാള്‍ ബംഗ്ലാ സംസാരിച്ചതുകൊണ്ട് അയാള്‍ ബംഗ്ലാദേശിയാകില്ലെന്ന ന്യായീകരണമാണ് മമത നടത്തുന്നത്. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്? 2002 ന് ശേഷം ബംഗാളിലെ ജനസംഖ്യ വർദ്ധന 13 ശതമാനമാണ്. അതേ സമയം വോട്ടര്‍മാരുടെ എണ്ണത്തിലെ വളര്‍ച്ചയാകട്ടെ 66 ശതമാനമാണ്. ഈ കണക്കുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്. ഇത്രയധികം വോട്ടർമാർ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മമതയ്‌ക്ക് കഴിയുന്നില്ല. ഇതിന് കാരണം മറ്റു സംസ്ഥാനക്കാർ തൊഴിൽ തേടി അവിടേയ്‌ക്ക് കുടിയേറിയതുകൊണ്ടല്ല. പകരം ബംഗ്ലാദേശില്‍ നിന്നും കൂട്ടത്തോടെ ബംഗാളിലേക്ക് നുഴഞ്ഞുകയറിയ കുടിയേറ്റക്കാര്‍ തന്നെ. ഇവരെ ബംഗാളിലേക്ക് കൊണ്ടുവരാന്‍ തൃണമൂല്‍ ഏജന്‍റുമാര്‍ തന്നെ പ്രത്യേകം പ്രവര്‍ത്തിക്കുന്നു. എന്തായാലും വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധന എല്ലാ കള്ളങ്ങളും വെളിച്ചത്ത് കൊണ്ടുവരും. അതു തന്നെയാണ് മമത ഭയപ്പെടുന്നത്.
















