നാടക വേദിയില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ നടനാണ് വിനോദ് ബോസ്, 10 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 21 ചിത്രങ്ങളില്‍ വേഷമിട്ടു. ജീവന്‍ ടിവിയിലെ ശ്രീനാരായണഗുരു എന്ന സീരിയലിലൂടെ ഗുരുദേവന്റെ യുവത്വം അവതരിപ്പിച്ചാണ് സ്‌ക്രീനിലെത്തുന്നത്. തമിഴ്‌നാട്ടിലെ ഹിറ്റ് സീരിയലായിരുന്ന 63 നായന്‍മാര്‍ഗള്‍ സീരിയലില്‍ മാണിക്യവാസകര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദാണ്.
2016 ല്‍ ഇറങ്ങിയ കലിയാണ് ആദ്യ ചിത്രം. ഓപ്പറേഷന്‍ ജാവയിലെ രവി എന്ന് സൈബര്‍ സെല്‍ ഓഫീസറുടെ വേഷവും നരിവേട്ടയിലെ പോലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തന്റെ 10 വര്‍ഷത്തെ സിനിമാ ജീവിത വിശേഷങ്ങള്‍ വിനോദ് പങ്കുവയ്‌ക്കുന്നു.
്യൂ ചെറിയ സിനിമാ ജീവിതത്തിനിടെ 21 ഓളം ചിത്രങ്ങള്‍, ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭാഗ്യമാണ്. എങ്ങനെ നോക്കിക്കാണുന്നു കിട്ടിയ അവസരങ്ങളെ?
വളരെ സന്തോഷമുണ്ട്, ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഇവിടെ വരെ എത്തുമെന്ന്. ഒരുപാട് പേരുടെ സഹായം കൊണ്ട് സിനിമ എന്ന ലോകത്തെ അറിയാന്‍ സാധിച്ചു. ചെറുതാണെങ്കിലും കിട്ടിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്. പെരുമ്പടവം ശ്രീധരന്‍ എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ നാടായ പെരുമ്പടവത്താണ് എന്റെ വീട്. അവിടെ നിന്ന് സിനിമാ ലോകത്ത് എത്തുക എന്നത് പരിശ്രമംതന്നെ ആയിരുന്നു. തൊട്ടടുത്ത ഇലഞ്ഞി സ്വദേശികളാണ് സംവിധായകന്‍ ജീത്തു ജോസഫും നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവര്‍. ശ്രീകാന്ത് മുരളിയാണ് എന്നെ ഒരു ആക്ടിങ് വര്‍ക് ഷോപ്പിലേക്ക് എത്തിക്കുന്നത്. അവിടെ വച്ചാണ് സംവിധായകരായ അരുണ്‍ ബോസ്, തരുണ്‍ മൂര്‍ത്തി എന്നിവരെ പരിചയപ്പെട്ടത്. അത് വഴിത്തിരിവായി. കഴിഞ്ഞ ദിവസം അന്തരിച്ച സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കറുമായി വൈകരികമായ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ചെയ്യാനിരുന്ന വലിയൊരു സിനിമയ്‌ക്ക് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഞാനായിരുന്നു നായകന്‍.
്യൂ ശ്രീനാരായണ ഗുരുവിന്റെ വേഷം ഒരു തുടക്കകാരന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമല്ലേ?
ഞാന്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ എന്ന സീരിയലില്‍ ഒരു ചാന്‍സ് ചോദിച്ച് ചെന്നു. പ്രധാന വേഷം കിട്ടിയത് അപ്രതീക്ഷിതമാണ്. ഗുരുദേവനായി അഭിനയിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹമാണ്. ഞാന്‍ ഒരു ഗുരുദേവഭക്തനും കൂടിയാണ്. ഇന്നും ആ വേഷം ചെയ്തതിന്റെ മഹത്വവും എനിലേക്ക് വരാറുണ്ട്.
്യൂ ഓപ്പറേഷന്‍ ജാവയിലെ പോലീസ് വേഷത്തിലും ദൃശ്യം 2 ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലും താങ്കള്‍ അഭിനയിച്ചു. പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചുവെന്ന് കരുതുന്നുണ്ടോ?
ഓപ്പറേഷന്‍ ജാവ, ദൃശ്യം എന്നിവയിലെത്താന്‍ സാധിച്ചത് മഹാ ഭാഗ്യമാണ്. തരുണ്‍ മൂര്‍ത്തി എന്റെ അടുത്ത സുഹൃത്താണ്. അങ്ങനെയാണ് ഓപ്പറേഷന്‍ ജാവയില്‍ എത്തിയത്. പരിചയമുള്ളതുകൊണ്ട് ജീത്തു സാറിന്റെ പിന്നാലെ നടന്ന് സഹികെട്ട് തന്ന റോളാണ് ദൃശ്യം 2 വിലെ വേഷം. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിലും എനിക്ക് അവസരം തന്നു. ഒരുപാട് സന്തോഷമുണ്ട്. ഈ ചിത്രങ്ങളിലൂടെയാണ് എന്നെ എല്ലാവരും ഒരു നടന്‍ എന്ന രീതിയില്‍ അറിഞ്ഞുതുടങ്ങിയത്.
്യൂ ഓപ്പറേഷന്‍ ജാവയില്‍ താങ്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു ? രണ്ടാം ഭാഗത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നോ?
ഓപ്പറേഷന്‍ ജാവ എനിക്ക് ബ്രേക്കായിരുന്നു. അതിന് ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് പോലീസ് വേഷങ്ങളാണ്. രണ്ടാം ഭാഗത്തില്‍ പ്രതീക്ഷയുണ്ട്.
്യൂ നരിവേട്ടയിലെ അവസരം ഭാവിയിലേക്കുള്ള വലിയ ചുവടുവയ്‌പായി കരുതുന്നുണ്ടോ?
കാലികപ്രാധാന്യമുള്ള ചിത്രമായിരുന്നു നരിവേട്ട. സംവിധായകന്‍ അനുരാജ് മനോഹറിന്റെ അസോസിയേറ്റായ വൈശാഖ് മുഖേനയാണ് അവിടെ എത്തുന്നത്. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്
്യൂ കലാകാരന്മാരുടെ കുടുംബമാണല്ലോ താങ്കളുടേത് ? കുട്ടിക്കാലം തൊട്ട് സിനിമാ മോഹം മനസിലുണ്ടായിരുന്നോ ?
എന്റെ അമ്മ കാഥികയാണ്. പള്ളിപ്പുറം മഹിളാമണി, ഇപ്പോള്‍ കഥാപ്രസംഗം പഠിപ്പിക്കുന്നുമുണ്ട്, പരിപാടികള്‍ക്കും പോകുന്നുണ്ട്. കെടാമംഗലം സദാനന്ദന്‍, വി. സാംബശിവന്‍ തിളങ്ങിനിന്ന കാലത്ത് ആകെ ഉണ്ടായിരുന്ന ഒരു വനിതാ കാഥിക അമ്മ ആയിരുന്നു. അച്ഛന്‍ ചന്ദ്രബോസ് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. രണ്ട് പേരുടേയും കുടുംബാംഗങ്ങളില്‍ ഒരുപാട് കലാകാരന്മാരുണ്ട്. ഞാന്‍ സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമയോട് മോഹം ഉണ്ടായിരുന്നില്ല. കാരണം അതിന് അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയില്ല.
്യൂ വരാനിരിക്കുന്ന പ്രൊജക്ടുകള്‍?
ഞാന്‍ തമിഴില്‍ യുകി, അമേയാ തുനിന്തവന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇനി ദൃഢം, ആബേല്‍, ജീന്തോള്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.
തോപ്പുംപടിയിലാണ് വിനോദിന്റെ താമസം. ഭാര്യ കാര്‍ത്തിക നേവല്‍ ബേസ് ജീവനക്കാരിയാണ്. മകള്‍ ധീര എല്‍കെജി. വിദ്യാര്‍ത്ഥിനിയാണ്.
















