‘തന്റെ തന്നെ പാട്ടിന്റെ വരികളെ സ്വന്തം പുസ്തകത്തിന്റെ ശീര്‍ഷകമാക്കുവാന്‍ കഴിഞ്ഞ മലയാളത്തിലെ ഏക ഗ്രന്ഥകാരനായിരിക്കും പ്രകാശ് കുറുമാപ്പള്ളി.’ പ്രകാശനവേളയില്‍ ഡോ. എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനമാണിത്.
2014 ല്‍ പുറത്തിറക്കിയ നാഗാഞ്ജലി നാഗകീര്‍ത്തനങ്ങളിലെ ‘മന്ത്രം മുഖരിതം’ എന്നാരംഭിക്കുന്ന ഗാനത്തിലെ വരികളാണിത്. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത ‘പ്രകൃതിയും നീയേ… പ്രാണനും നീയേ’ എന്ന ശീര്‍ഷകത്തോടെയുള്ള പുസ്തകം. നാഗക്ഷേത്രമായ ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മനയുടെ ചരിതങ്ങളും ഐതിഹ്യങ്ങളും, അവരുടെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിഷ്‌കാമസേവനങ്ങളുമാണ് പുസ്തകത്തിന്റെ പ്രാണനെങ്കിലും, പ്രകൃതിസേവയും, നാഗാരാധനാ വൈവിധ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച പുസ്തകമാണിത്.
ആലങ്കോട് ലീലാകൃഷ്ണന്റെ സര്‍പ്പദംശനം എന്ന കവിതയോടെ ആരംഭിക്കുകയും കെ.സി. നാരായണന്‍, എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പാലക്കീഴ് നാരായണന്‍, പ്രതീഷ്. ഇ. ജൂനിയര്‍, പ്രവീണ്‍ പാലക്കോള്‍, എന്‍. പി. രാമദാസന്‍, കെ.വി. ജയന്‍ എന്നീ എഴുത്തുകാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നതുമാണ് പ്രകാശ് കുറുമാപ്പള്ളി എഡിറ്ററായി തയ്യാറാക്കിയ പ്രകൃതിയും നീയേ പ്രാണനും നീയേ എന്ന പുസ്തകം.
ഇതില്‍ ശക്തവും യുക്തിഭദ്രവുമായ ആറുലേഖനങ്ങള്‍ പ്രകാശ് കുറുമാപ്പള്ളിയുടേതായുണ്ട്. പി.ആര്‍. നാഥനാണ് അവതാരിക. കെ.ആര്‍. സദാനന്ദനുമായി പ്രകാശ് കുറുമാപ്പള്ളി നടത്തിയ അഭിമുഖം സര്‍പ്പാരാധനാക്രമത്തിന്റെ ആധികാരികതയായിത്തന്നെ വിലയിരുത്താം. ശാസ്ത്രീയമായും, മനഃശാസ്ത്രപരമായും, ആത്മീയമായും, ഭൗതികതയിലൂന്നിയുമുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എല്ലാത്തരം വായനക്കാരേയും ആകര്‍ഷിക്കും വിധമാണ് പുസ്തകത്തിന്റെ രൂപകല്‍പന. താല്പര്യമുള്ള വിഷയങ്ങളിലൂടെ വിശാലമായ വായനയിലേയ്‌ക്ക് എത്തിയ്‌ക്കുകയാണിദ്ദേഹം.
ഭയത്തില്‍ നിന്നുമാണ് ഭക്തിയും ആരാധനയും ഉത്ഭവിക്കുന്നത് എന്ന് സമര്‍ത്ഥിയ്‌ക്കുന്ന സൈക്കോളജിസ്റ്റ് കൂടിയായ ഡോ. പാലക്കീഴ് നാരായണന്റെ ലേഖനം വ്യത്യസ്തത തന്നെയാണ്.
മുഖചിത്രം മ്യൂറല്‍ ടച്ചോടെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രൊഫസറായസുരേഷ് കെ. നായര്‍ അതിമനോഹരമാക്കിയതോടെ, 80 പേജുള്ള ഈ പുസ്തകം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും സമ്പല്‍ സമൃദ്ധമാണ്. സ്മൃതിക പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. വില 160 രൂപ.
















