മുംബൈ: വിദേശത്തെ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വീണ്ടും ഭാരതത്തിലേക്ക് എത്തിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്കിടെ 64 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് ഇത്തവണ ഭാരതത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദീപാവലിയിലും സമാന രീതിയില്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നു. ഭാരതത്തിന്റെ സ്വത്തുക്കള്‍ രാജ്യത്ത് തന്നെ സൂക്ഷിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്.
നിലവില്‍ 880.8 ടണ്‍ സ്വര്‍ണമാണ് രാജ്യത്തിന്റെ കരുതല്‍ ശേഖരം. ഇതില്‍ ഭൂരിഭാഗവും യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലുമാണ് സൂക്ഷിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉപരോധങ്ങളും അനിശ്ചിതത്വങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഭാരതത്തിന്റെ കരുതല്‍ നിക്ഷേപം രാജ്യത്ത് തന്നെ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2023ല്‍ സ്വര്‍ണം രാജ്യത്തെത്തിക്കാനുള്ള പരിപാടിക്ക് തുടക്കമിട്ടു. ആ വര്‍ഷം മാര്‍ച്ച് മുതല്‍ സപ്തംബര്‍ വരെ 274 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐയുടെ നേതൃത്വത്തില്‍ രാജ്യത്തെത്തിച്ചത്. പലതവണകളായി 575.8 ടണ്‍ സ്വര്‍ണം ഇപ്പോള്‍ തിരിച്ച് രാജ്യത്തേക്കെത്തിച്ചിട്ടുണ്ട്.
ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡും വിദേശ കരുതല്‍ ശേഖര മാനേജ്മെന്റ് ടീമും ധനകാര്യ മന്ത്രാലയവും സംയുക്തമായാണ് കരുതല്‍ സ്വര്‍ണം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്. സുരക്ഷാ സൈന്യം, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ രഹസ്യമായി എത്തിക്കുന്ന സ്വര്‍ണം മുംബൈയിലും നാഗ്പൂരിലെ സെന്‍ട്രല്‍ വാലറ്റിലുമായി സൂക്ഷിക്കും. ഒരുകാലത്ത് സ്വര്‍ണം പണയം വച്ചിരുന്ന രാജ്യമായിരുന്നു ഭാരതം, ഇന്ന് നമുക്ക് ടണ്‍ കണക്കിന് സ്വര്‍ണമാണ് കരുതല്‍ശേഖരമായുള്ളത്.
















