ന്യൂദൽഹി: പിഎം ശ്രീയിൽ ‘രാഷ്‌ട്രീയ ബോംബ് നിർവീര്യ’മാക്കുന്നുവെന്ന താൽക്കാലിക ആശ്വാസം മാത്രമായിരിക്കും സിപിഐക്ക് ഉണ്ടാവുക എന്ന് വ്യക്തമാകുന്നു. കേന്ദ്ര സർക്കാരുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കുമെന്നും കരാറിൽനിന്ന് സംസ്ഥാനം പിൻമാറുമെന്നും മറ്റുമുള്ള സിപിഎം നേതൃത്വത്തിന്റെ ഉറപ്പുകൾ വെറുതേയാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സംഭവിക്കാൻ പോകുന്നത് ഇതാണ്: കേരളത്തിൽ പിഎം ശ്രീ ‘കോമയിൽ കിടക്കും.’
ധാരണയിൽ നിന്ന് പിൻമാറുന്നുവെന്നും പുതിയ വിദ്യാഭ്യാസം കേരളത്തിൽ നടപ്പിലാക്കില്ലെന്നും സർക്കാർ പ്രഖ്യാപിക്കുകയോ ഔദ്യോഗികമായി രേഖാമൂലം കത്ത് കൊടുക്കുകയോ ചെയ്താൽ കാര്യം മറ്റൊരു തലത്തിലേക്ക് മാറും. അത് സംസ്ഥാന സർക്കാരിനെ പല തരത്തിലും പ്രതിക്കൂട്ടിലാക്കുമെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നു. ‘കാവിപ്പണം വേണ്ടെന്ന് സംസ്ഥാനം പറയട്ടെ, മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കട്ടെ’ എന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ‘വെല്ലുവിളി’ സ്വരത്തിൽ പ്രതികരിച്ചതിന്റെ പിന്നിൽ അതാണുള്ളതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതായത്, സംസ്ഥാനം കേന്ദ്ര സർക്കാരിനു നൽകാനുള്ള കത്ത് തയാറാക്കിയെന്നും ഉടൻ കൈമാറുമെന്നും മറ്റുമാണ് പ്രഖ്യാപിക്കുന്നതെങ്കിലും അതൊന്നും ഉടൻ നടക്കില്ല. കേരളപ്പിറവി ആഘോഷം നടത്തുന്ന തിരക്കിലാണ് സർക്കാരും മുഖ്യമന്ത്രിയും. തൊട്ടുപിന്നാലെ, നവംബർ ആദ്യവാരംതന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതോടെ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. അതിനാൽ ഈ വിഷയത്തിൽ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
തുടർന്ന് ഒന്നു രണ്ടുമാസം നീണ്ടുകിട്ടുമ്പോൾ ഈ അദ്ധ്യയന വർഷം കഴിയാൻ കാലമായതിനാൽ അടുത്ത വർഷം മുതൽ നടപ്പാക്കാമെന്ന അപേക്ഷക്കത്തു മാത്രമായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിക്കുക. അക്കാര്യത്തിൽ തുടർനടപടിക്ക് സമയമടുക്കും. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പും വരും. അങ്ങനെ ഈ വിഷയത്തിൽ നിലവിലുള്ള സ്ഥിതി തുടരുകയും സിപിഐ അതിൽ സമാധാനം കൊള്ളുകയും ചെയ്യും. സംഭവിക്കാൻ പോകുന്നത് പിഎം ശ്രീ കേരളത്തിൽ ‘കോമയിൽ കിടക്കുമെ’ന്നതാണ്. വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന നഷ്ടം മാത്രമായിരിക്കും ഈ വിവാദത്തിലെ നേട്ടം എന്നാണ് സൂചനകൾ.
















