ന്യൂദൽഹി: ദേശീയപാതയിൽ ഓരോ ഘട്ടവും ആരു നിർമ്മിച്ചു, അവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം യാത്രക്കാർക്ക് അറിയാനും അഭിപ്രായം അറിയിക്കാനും സാധിക്കുന്ന വിധം സുതാര്യ നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി. നിർമ്മാണക്കമ്പനികൾക്ക് അവരുടെ പ്രവർത്തനവും നേട്ടവും ജനങ്ങളെ അറിയിക്കാൻ വീഡിയോ ചേർത്തും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചും യൂ ട്യൂബ് ചാനൽ വഴി സ്വയം പ്രൊമോട്ട് ചെയ്യാനും അനുമതി കൊടുത്തുകൊണ്ട് മന്ത്രി നിതിൽ ഗഡ്കരി പുതിയ സുതാര്യ വിപ്ലവം വരുത്തുന്നു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) യും ഹൈവേ നിർമ്മാതാക്കളും സ്വന്തമായി യൂട്യൂബ് ചാനലുകൾ സൃഷ്ടിക്കാനും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഹൈവേ പദ്ധതികളുടെ വീഡിയോകൾ പതിവായി അപ്‌ലോഡ് ചെയ്യാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ പാതകളിൽ ക്യു ആർ കോഡുകളുള്ള ഹോർഡിംഗുകൾ സ്ഥാപിക്കാനും ഉത്തരവിട്ടു. മന്ത്രി നിതിൻ ഗഡ്കരിതന്നെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. യാത്രക്കാർക്ക് ഈ കോഡുകൾ സ്‌കാൻ ചെയ്ത് കരാറുകാരന്റെയും കൺസൾട്ടന്റിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പേരുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും കാണാനാകും. ഗഡ്കരി പറഞ്ഞു, റോഡ് നിർമ്മിച്ച കരാറുകാരന്റെയും കൺസൾട്ടന്റിന്റെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ക്യു ആർ കോഡിൽ ഉണ്ടായിരിക്കും. ഒരു റോഡ് മോശമാണെങ്കിൽ, ആളുകൾ സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെങ്കിൽ, അത് ഗൗരവമായി എടുക്കുക. റോഡ് നിർമ്മാണത്തിൽ എ മുതൽ സെഡ് വരെ; ഉടമസ്ഥാവകാശം, ചെയ്തതിലെ ആത്മാർത്ഥത, സദുദ്ദേശ്യ സമീപനം എന്നിവ മനസ്സിലാക്കാനാകണം. നാട്ടുകാർക്ക് റോഡുകൾ നല്ലതായിരിക്കണം, അവ നല്ലതാണെന്ന് അവർ പറയണം.’
ആളുകൾ ടോൾ അടയ്‌ക്കുന്നുണ്ടെങ്കിൽ, അവ അന്താരാഷ്‌ട്ര നിലവാരമുള്ള റോഡുകൾക്ക് അർഹതയുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘കാലാവസ്ഥയോ മോശം ബിറ്റുമിനോ മോശം റോഡിന് ഒഴികഴിവുകളാകാൻ കഴിയില്ല. ഉപരിതലം നല്ലല്ലെങ്കിൽ ആപ്രശ്‌നം പരിഹരിക്കുക ചെലവ് വർദ്ധിച്ചേക്കാം, പക്ഷേ സുഖസൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്,’ ഗഡ്കരി പറഞ്ഞു.
ഡിസൈൻ, അറ്റകുറ്റപ്പണികളിലെ പിഴവുകൾ തുടങ്ങിയവ തിരിച്ചറിയുന്നതിനും ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള ജോലികൾക്ക് പ്രതിഫലം നൽകുന്നതിനുമായി പ്രവർത്തന ഓഡിറ്റുകൾ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ‘ഓഡിറ്റുകൾ പതിവായി നടക്കുമ്പോൾ, സുതാര്യത വർദ്ധിക്കുകയും ഒഴികഴിവുകൾ കുറയുകയും ചെയ്യുന്നു. അങ്ങനെയാണ് നമ്മൾ പ്രവർത്തിക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു.
ഹൈവേ പദ്ധതികളിൽ സുതാര്യത, ഉത്തരവാദിത്തം, പൊതുജനപങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം, മന്ത്രി പറഞ്ഞു.
















