മസ്‌ക്കറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാന്‍ സന്ദര്‍ശനം വിവാദത്തില്‍. മുഖ്യമന്ത്രിക്ക് മസ്‌കറ്റില്‍ നല്‍കിയ സ്വീകരണത്തിനും ഘോഷയാത്രക്കുമെതിരെ ഒമാന്റെ ആത്മീയ നേതാവ് (ഗ്രാന്‍ഡ് മുഫ്തി) തന്നെ രംഗത്തുവരികയും ചെയ്തു. ഇത്തരം പരിപാടികള്‍ നടത്തി രാജ്യത്തിന്റെ മതമൂല്യങ്ങള്‍ തകര്‍ക്കരുതെന്നാണ് മുഫ്തിയുടെ നിര്‍ദേശം. ഇത്തരം പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും ഗ്രാന്‍ഡ് മുഫ്തി അഹമ്മദ് അല്‍ ഖലീലി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ഒമാനിലെ അമിറാത്ത് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇടതുപക്ഷക്കാരായ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ തെയ്യം അടക്കമുള്ള കലാരൂപങ്ങളും ചുവപ്പും മഞ്ഞയും പൂക്കള്‍ കൊരുത്ത മാലയും ചുവന്ന പട്ടും അണിയിച്ച കെട്ടുകാളയും അണിനിരന്നിരുന്നു. കേരള പോലീസിന്റെ വേഷം ധരിച്ചവരും ഘോഷയാത്രയിലും സ്വീകരണ പരിപാടിയിലും പങ്കെടുത്തു. ചുവപ്പും പട്ടും മുദ്രാവാക്യവും തെയ്യവും കലാരൂപങ്ങളും മുഷ്ടിചുരുട്ടിയേറും എല്ലാംചേര്‍ന്ന് ആകെ അസ്വസ്ഥാജനകമായിരുന്നു അന്തരീക്ഷം തന്നെ. ഇത് മതവിശ്വാസികളായ ഒമാനികള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കു പോലും അസ്വസ്ഥതയുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സഹിഷ്ണുതയുടെ പേരില്‍, ഒമാന്റെ മത, ധാര്‍മിക മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തരുതെന്ന് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഇത്തരം ഘോഷയാത്രകളും മറ്റും ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ നടപടികള്‍ എടുക്കണമെന്നും മുഫ്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒമാനിലെ പൊതുസ്ഥലങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പ്രകടനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ സംഘാടകര്‍ നിയന്ത്രണങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും സോഷ്യല്‍ മീഡിയ നിര്‍ദേശിക്കുന്നു.















