കൊച്ചി : സിഎംആര്‍എല്‍ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വിശദവാദം നവംബര്‍ മൂന്നിന്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിലാണ് കേസ് വരുന്നത്.
ആദായനികുതി വകുപ്പിലെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. സേവനം നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനി ശശിധരന്‍ കര്‍ത്തയുടെ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസം തോറും പണം വാങ്ങിയെന്നും ഇത് അനധികൃത ആനുകൂല്യങ്ങള്‍ക്കായി മുഖ്യമന്ത്രിക്ക് നല്‍കിയ പണമാണെന്നുമാണ് ആരോപണം.
















