പട് ന: രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യം. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ മഹാസഖ്യത്തിന്റെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയില്ല. പകരം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെയാണ് വേദിയില്‍ നിര്‍ത്തിയത്.
പ്രകടനപത്രികയില്‍ തേജസ്വി യാദവിന്റെ ഏകാധിപത്യം
തേജസ്വി യാദവില്‍ അധികാരം പൂര്‍ണ്ണമായും കേന്ദ്രീകരിക്കുന്നതാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രിക. ”സങ്കല്‍പ് പത്രിക 2025″ എന്ന് പേരിട്ട് പുറത്തിറക്കിയ പ്രകടനപത്രികയുടെ തലക്കെട്ടിലെ മുദ്രാവാക്യത്തില്‍ തന്നെ തേജസ്വി യാദവ് നിറഞ്ഞുനില്‍ക്കുന്നു. ലാലുപ്രസാദ് യാദവിന്റെ കുടുംബസ്വത്ത് പോലെയായിരിക്കുന്നു മഹാസഖ്യത്തിന്റെ പ്രകടന പത്രിക എന്നാണ് മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. സമ്പൂര്‍ണ്ണ ബീഹാര്‍ കാ സമ്പൂര്‍ണ്ണ പരിവര്‍ത്തന്‍-തേജസ്വിയുടെ പ്രതിജ്ഞ, തേജസ്വിയുടെ പ്രാണന്‍ എന്നാണ് പ്രകടനപത്രികയിലെ ഈ മുദ്രാവാക്യം. പ്രകടനപത്രികയുടെ മുദ്രാവാക്യത്തില്‍ ഒരു നേതാവിന്റെ മാത്രം പേര് നല്‍കുന്ന പതിവില്ല. കാരണം ഒരു മുന്നണിയുടെ പ്രകടനപത്രിക അതിന്റെ ഭാഗമായ മുഴുവന്‍ പാര്‍ട്ടികളുടെയും പത്രികയാണ്. എന്നാല്‍ ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത് തേജസ്വി യാദവിന് മാത്രമാണ്.
വോട്ട് ചോരി എവിടെയുമില്ല
ബീഹാര്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി താന്‍ നടത്തിയ വോട്ട് ചോരി യാത്ര ബീഹാറിനെ ഇളക്കിമറിച്ചു എന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. പക്ഷെ വോട്ട് ചോരി എന്ന വാക്കേ ഇനി മിണ്ടരുതെന്ന് തേജസ്വി യാദവ് രാഹുലിന് താക്കീത് നല്‍കിയിട്ടുണ്ട്. കാരണം വോട്ട് ചോരിയുടെ ഭാഗമായാണ് ഒരു വേദിയില്‍ മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിച്ചത്. അതിനാല്‍ പ്രകടനപത്രികയിലും തേജസ്വി യാദവ് വോട്ട് ചോരിക്ക് പ്രാധാന്യം നല്‍കിയിട്ടില്ല.
രാഹുല്‍ 70 സീറ്റ് ചോദിച്ചു, നല്‍കിയത് 62 മാത്രം
2020ല്‍ 70 സീറ്റ് നല്‍കിയ കോണ്‍ഗ്രസിന് താഴേക്കിടയില്‍ സ്വാധീനം കുറയുന്നു എന്ന് വിമര്‍ശനമുയര്‍ത്തി ഇക്കുറി 62 സീറ്റുകള്‍ മാത്രമാണ് തേജസ്വി യാദവ് നല്‍കിയത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലാലുപ്രസാദ് യാദവിനോട് അപേക്ഷിച്ചിട്ടും അതില്‍ മാറ്റം വരുത്താന്‍ തേജസ്വി തയ്യാറായില്ല.
















