പട്ന: മാസങ്ങളായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൊട്ടിഘോഷിക്കുന്ന കുടുംബത്തില്‍ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ആവര്‍ത്തിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം-സിപിഐഎംഎല്‍ മഹാസഖ്യം. സ്ത്രീകള്‍ക്ക് മാസം തോറും 2500 രൂപ വീതം നല്‍കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നതാണ് മൂുന്നാമത്തെ മുഖ്യവാഗ്ദാനം.തൊഴില്‍, ക്ഷേമം, ഭരണപരിഷ്കരണം എന്നിവയിലാണ് പ്രകടനപത്രിക കേന്ദ്രീകരിച്ചിരിക്കുന്നത്.
എങ്ങിനെയാണ് ബീഹാറിലെ കുടുംബങ്ങളില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കാന്‍ പോകുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം ഇതുവരെയും തേജസ്വി യാദവിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ നേതാവായ കനയ്യ കുമാറിനോട് ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും കാത്തിരുന്ന് കാണൂ എന്നുമായിരുന്നു മറുപടി. അതായത് എങ്ങിനെയാണ് തൊഴില്‍ നല്‍കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് ഒരു ആക്ഷന്‍ പ്ലാനും മഹാസഖ്യത്തിന്റെ കയ്യിലോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവിന്റെ കയ്യിലോ ഇല്ല.
സമ്പൂര്‍ണ്ണ ബീഹാര്‍ കാ സമ്പൂര്‍ണ്ണ പരിവര്‍ത്തന്‍-തേജസ്വിയുടെ പ്രതിജ്ഞ, തേജസ്വിയുടെ പ്രാണന്‍ എന്ന മുദ്രാവാക്യത്തോടെയാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രികയായ സങ്കല്‍പ് പത്രിക 2025 പുറത്തിറക്കിയത്. ഇവിടെയും രാഹുല്‍ ഗാന്ധിക്ക് ഒരു വിലയും നല്‍കിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പേരും എവിടെയും പരാമര്‍ശിച്ചിട്ടുമില്ല.
എല്ലാവര്‍ക്കും ജോലി
തൊഴില്‍ ആണ് പ്രകടനപത്രികയിലെ കേന്ദ്രവിഷയം. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 20 ദിവസത്തിനകം എല്ലാവര്‍ക്കും തൊഴില്‍ നല്‍കണമെന്നത് സംബന്ധിച്ച് നിയമമുണ്ടാക്കും. അധികാരമേറ്റ് 20 മാസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ നല്‍കിത്തുടങ്ങും.
കരാര്‍ തൊഴിലാളികളെ മുഴുവന്‍ സ്ഥിരമാക്കും. ജീവിക ആയി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശമ്പളം 30000 രൂപയാക്കും.
സൗജന്യ വൈദ്യുതി
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. പാവപ്പെട്ടവര്‍ക്ക് 500 രൂപയ്‌ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കും.
സ്ത്രീകളുടെ ക്ഷേമം
സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി മാസം തോറും 2500 രൂപ വീതം നല്‍കും. മായിന്‍ ബഹിന്‍ മാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ 2500 രൂപ വീതം നല്‍കും. ഇതു വഴി വര്‍ഷം തോറും 30000 രൂപ വീതം സ്ത്രീകള്‍ക്ക് ലഭിക്കും. 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. വിധവകള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും 1500 രൂപ വീതം പ്രതിമാസം നല്‍കും.
വിദ്യാഭ്യാസത്തിന് പുതിയ കോളെജുകള്‍
പരീക്ഷയെഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. പഴയ പെന്‍ഷന്‍ പദ്ധതി വീണ്ടും നടപ്പാക്കും. കൂടുതലായി വനിതാകോളെജുകള്‍ സ്ഥാപിക്കും. കോളെജ് ഇല്ലാത്ത ബ്ലോക്കുകളില്‍ കോളെജുകള്‍ സ്ഥാപിക്കും.
കര്‍ഷകര്‍ക്ക് താങ്ങുവില
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കും. പ്രാദേശിക ചന്തകളും മാണ്ഡികളും പുനരുജ്ജീവിപ്പിക്കും.
















