പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ ആസൂത്രകര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ തന്നെയെന്ന നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരുവിലെ അഞ്ചംഗ സംഘം ചെറിയ കണ്ണികള്‍ മാത്രമാണെന്നും അവരെ മുന്‍നിര്‍ത്തി അന്വേഷണം വഴിമുട്ടിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തന്ത്രപൂര്‍വം കളിക്കുകയാണെന്നുമാണ് എസ്‌ഐടിക്കു ബോധ്യപ്പെട്ടത്. ”തന്നെ ചതിച്ചത് ബെംഗളൂരുവിലെ അഞ്ചംഗ സംഘം” ആണെന്നായിരുന്നു പോറ്റിയുടെ മൊഴി. ഇത് ഉന്നതരെ രക്ഷിക്കാനും അന്വേഷണം വഴിതിരിക്കാനുമുള്ള നീക്കമാണ്. സര്‍ക്കാര്‍ പോറ്റിക്കുമേല്‍ ചെലുത്തിയ സമ്മര്‍ദമാണോ പിന്നിലെന്നും സംശയിക്കുന്നു.
ബെംഗളൂരുവിലെ അനന്ത സുബ്രഹ്‌മണ്യം, രമേശ് റാവു, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍, നാഗേഷ്, കല്‍പേഷ് എന്നിവരെല്ലാം കേസുമായി അറിഞ്ഞോ അറിയാതെയൊ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആസൂത്രണം ശബരിമലയില്‍ത്തന്നെയാണ്. 2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് തട്ടിപ്പിന്റെ ഓരോ കാര്യവും തുടക്കം മുതല്‍ അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി.
സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാന്‍ വൈദഗ്ധ്യമില്ലെന്ന് അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ വി. ബൈജു നോട്ട് എഴുതിയിട്ടും എന്തിന് ആ കമ്പനിക്കു തന്നെ സ്വര്‍ണം പൂശാന്‍ അനുമതി നല്കി? അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളെന്ന് എഴുതിയെങ്കിലും അത് ചെമ്പുപാളികളെന്ന് ദേവസ്വം കമ്മിഷണര്‍ എന്തിനു തിരുത്തി? സ്വര്‍ണം പൊതിഞ്ഞ പാളികളെന്ന് തന്ത്രി എഴുതിയിട്ടും മുരാരി ബാബു ചെമ്പെന്ന് തിരുത്തിയതെന്തിന്? പോറ്റിയുടെ കൈവശം തന്നെ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തു വിടണമെന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാര്‍ പറഞ്ഞെന്ന സുധീഷ് കുമാറിന്റെ മൊഴിയും ദേവസ്വം ഉന്നതര്‍ സന്നിധാനത്തു നടത്തിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സര്‍ക്കാരിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കാവുന്ന നിരവധി സംഭവങ്ങള്‍ നടന്നു. പോറ്റിയുടെ പുളിമാത്തെ വസതിയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ട്. കടകംപള്ളി മന്ത്രിയായിരുന്ന 2019 കാലത്ത് ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. വസന്തായിരുന്നു അഡീ. പ്രൈവറ്റ് സെക്രട്ടറി.
2019 കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ 2020ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന ചോദ്യവും പ്രസക്തം. പി.
എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതിലും ദുരൂഹതയുണ്ട്.















