സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ പുതിയ ഏട് ആവാനൊരുങ്ങുകയാണ് അഖിലേഷിന്റെ സ്വര്‍ണക്കപ്പ്. ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്‌ക്ക് നല്‍കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് അഖിലേഷ് അശോകന്‍ എന്ന 31 കാരന്‍ ഡിസൈന്‍ ചെയ്തത് ഒറ്റ രാത്രി കൊണ്ട്. കേരളീയ സാംസ്‌കാരികതയുടെ മുദ്ര കപ്പില്‍ വേണമെന്ന് ഉറപ്പിച്ചിരുന്നു. ഇതിനിടയിലാണ് ‘വിജയകാഹളം’ എന്ന വാക്ക് തലയിലേക്ക് വന്നത്. അതില്‍ പിടിച്ചുകൊണ്ട് കൊമ്പുവിളിയിലൂടെ കാഹളം മുഴക്കുന്ന ചിത്രം മനസ്സിലേക്കെത്തി. പിന്നെ ഒരൊറ്റ രാത്രിയില്‍ ഡിസൈന്‍ പൂര്‍ത്തിയാകുകയായിരുന്നു-അഖിലേഷ് പറഞ്ഞു.
തിരുവനന്തപുരം, കിള്ളിപ്പാലം സ്വദേശിയായ അഖിലേഷ് 10 വര്‍ഷമായി ഗ്രാഫിക് ഡിസൈനറാണ്. പക്ഷെ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ഒന്നും തന്നെ പഠിച്ചിട്ടില്ല. ഇപ്പോള്‍ കൈറ്റ് വിക്ടേഴ്സ് ഉദ്യോഗസ്ഥനായ അഖിലേഷ് സ്വന്തം താത്പര്യം കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. സ്വര്‍ണ്ണകപ്പ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയുടെ തൊട്ടുതലേ ദിവസം മാത്രമാണ് അഖിലേഷ് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ഇതു സംബന്ധിച്ച അറിയിപ്പ് കാണുന്നത്. ഒളിംപിക്സ് ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മത്സരം തുടങ്ങുന്നത് അറിയിക്കുന്നതിന്റെ കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ദീപശിഖയും കപ്പിന്റെ ഭാഗമായി. 14 ജില്ലകളെ പ്രതിനിധീകരിച്ച് ഒളിംപിക്സ് മാതൃകയിലുള്ള 14 വളയങ്ങള്‍, 14 ആനകള്‍, ഇന്‍ക്ലൂസീവ് സ്പോര്‍ട്സിനെ ഉള്‍പ്പെടെ പ്രതിനിധാനം ചെയ്യുന്ന 14 കായിക ഇനങ്ങള്‍, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സ്ഥിരം ലോഗോ, തേക്കില്‍ പണിതീര്‍ത്ത പീഠത്തില്‍ ബ്രാസ് പ്ലേറ്റിങ്ങില്‍ ‘കേരള സ്‌കൂള്‍ കായികമേള’ എന്നും ‘ദ ചീഫ് മിനിസ്റ്റേഴ്സ് കപ്പ്’ എന്നും ആലേഖനം ചെയ്തതോടെ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണകപ്പ് പൂര്‍ണത പ്രാപിച്ചു. മലബാര്‍ ഗോള്‍ഡ് ആണ് കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് കാരറ്റ് ബിഐഎസ് 916 ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണത്തിലായിരുന്നു ഏകദേശം 4.37 കിലോഗ്രാം ഭാരമുള്ള കപ്പിന്റെ നിര്‍മ്മാണം.
















