കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇടതുമുന്നണി സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ള അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടി ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടരുടെയും പതിവ് തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പങ്കെടുത്ത് ഇങ്ങനെയൊരു പരിപാടി നടത്തിയാല്‍ അതില്‍ നടത്തുന്ന അവകാശവാദങ്ങളൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ടാണ് സിനിമാ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കമല്‍ഹാസനെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ നടന്മാരുടെ താരമൂല്യം ചൂഷണം ചെയ്യുക എന്നതാണ് തന്ത്രം. പരിപാടിയില്‍ പങ്കെടുക്കരുതെന്ന്, സെക്രട്ടറിയേറ്റ് നടയില്‍ ഒരു വര്‍ഷത്തിലേറെയായി സമരം നടത്തിക്കൊണ്ടിരിക്കുന്ന, ആശാ വര്‍ക്കര്‍മാര്‍ നടന്മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത് ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ നടന്മാര്‍ കണക്കിലെടുക്കുമെന്ന് കരുതാം.
സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം വലിയ നുണയാണെന്ന് ആശാ വര്‍ക്കര്‍മാര്‍ നടന്മാര്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞിട്ടുണ്ട്.
തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ആശാ വര്‍ക്കര്‍മാരുടെ ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, മന്ത്രിമാരും സിപിഎം നേതാക്കളും അവരെ നിരന്തരം അവഹേളിക്കുകയുമാണ്. സമൂഹത്തിന് ഏറ്റവും ആവശ്യമായ സേവനം ചെയ്യുന്നവരാണ് ആശാ വര്‍ക്കര്‍മാര്‍. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇത് എല്ലാവരും കണ്ടതാണ്. ദിവസത്തില്‍ 233 രൂപ മാത്രമാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് വേതനമായി ലഭിക്കുന്നത്. ഇത് വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന ന്യായമായ ആവശ്യമാണ് രാഷ്‌ട്രീയമായ കാരണങ്ങളാല്‍ പിണറായി സര്‍ക്കാര്‍ നിരസിക്കുന്നത്. കടംകേറി മുടിഞ്ഞ് ജീവിതം ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്ത സര്‍ക്കാര്‍ എന്ത് ദാരിദ്ര്യ വിമോചനമാണ് നടത്തുന്നതെന്ന ആശാവര്‍ക്കര്‍മാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറഞ്ഞേ തീരൂ.
ആഡംബരവും ധൂര്‍ത്തുമാണ് അധികാരത്തിലേറിയ നാള്‍ മുതല്‍ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പാര്‍ശ്വവര്‍ത്തികളും പാര്‍ട്ടി നേതാക്കളുമൊക്കെ ഇതിന്റെ ഭാഗമാണ്. പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ജനവിരുദ്ധ ഭരണശൈലി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. 10 ലക്ഷം രൂപയുടെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിന് മൂന്നരക്കോടി രൂപ ചെലവഴിച്ച് സ്വീകരണം നല്‍കിയ നടപടി സര്‍ക്കാരിന്റെ ജനവിരുദ്ധതയ്‌ക്ക് ഒന്നാന്തരം തെളിവാണ്. ഈ പണത്തിന്റെ നല്ലൊരു പങ്കും പാര്‍ട്ടിക്കാരായ പാര്‍ശ്വവര്‍ത്തികള്‍ക്കാണ് പോയതെന്നു വേണം കരുതാന്‍. പിണറായി സര്‍ക്കാരിന്റെ ഇത്തരം പല പരിപാടികളുടെയും ഗുണഭോക്താക്കള്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ്. കേന്ദ്ര പദ്ധതികള്‍ക്ക് നല്‍കുന്ന ഫണ്ട് പിണറായി സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരിലേക്ക് തിരിച്ചുവിടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ കേരളത്തില്‍ വന്ന് പറയുകയുണ്ടായല്ലോ.
നുണപ്രചാരണമാണ് പിണറായി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രം. സര്‍ക്കാര്‍ പ്രതിസന്ധിയും വിമര്‍ശനവും നേരിടുമ്പോള്‍ നുണകള്‍ പ്രചരിപ്പിച്ച് രക്ഷപ്പെടുക എന്നതാണ് തന്ത്രം. വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ഈ തന്ത്രം പയറ്റുന്നു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായി അവതരിപ്പിക്കുന്നവയ്‌ക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ല. അതിലൊന്നാണ് അതി ദാരിദ്ര്യ വിമോചനവും. കേരളത്തില്‍ ദരിദ്രരില്ല, വളരെക്കുറച്ച് അതി ദരിദ്രര്‍ മാത്രമാണുള്ളതെന്ന് പറയുന്നത് അസത്യമാണ്. മൂന്നുനേരം ആഹാരം കഴിക്കാന്‍ വകയില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ശരിയായ ഉപജീവന മാര്‍ഗവും ഇല്ല. കൃത്രിമമായ ചില സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിച്ച് ഇതൊക്കെ മറച്ച് ഇടതുപക്ഷ കേരളം സ്വയംപര്യാപ്തമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഇതിന്റെ ഭാഗമാണ് അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനവും. ഇത്തരമൊരു പരിപാടിക്കു തന്നെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കും. ഇതും ദരിദ്രരോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും. ജനക്ഷേമത്തില്‍ താല്പര്യമില്ലാത്ത ഭരണാധികാരികള്‍ സംഘടിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കേണ്ടതുണ്ടോയെന്ന് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള നടന്മാര്‍ ചിന്തിക്കണം.
















