തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാതെ ഇനി പറ്റില്ല. ഒപ്പുവെച്ച ധാരണയിൽനിന്ന് പിൻമാറാൻ ഒപ്പുവെച്ച സർക്കാരിനോ മാറിവരുന്ന മറ്റൊരു ഭരണ സംവിധാനത്തിനോ പറ്റില്ല. സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം രാജ്യത്താകെ എന്നപോലെ ഉയർത്താനുള്ള പദ്ധതി ഗുണമൂല്യമുള്ളതാണെന്ന് വഴിയേ തെളിയുമെന്നാണ് രാഷ്‌ട്രീയ പക്ഷപാതമില്ലാത്ത വിദ്യാഭ്യാസ വിദഗ്ധർ പറയുന്നതും.
എന്നാൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സമ്പൂർണ്ണ സഹകരണം ആവശ്യമുള്ള പദ്ധതിയിൽ സാമ്പത്തിക സഹായം മാത്രം വാങ്ങും കേന്ദ്രം പറയുന്നതെല്ലാം നടപ്പാക്കില്ല എന്ന ചില നേതാക്കളുടെയും വിശകലനക്കാരുടെയും വിശദീകരണം അബദ്ധമാണ്. എന്നല്ല, വൈകാതെ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ രാഷ്‌ട്രീയ താൽപര്യത്തിൽ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ പല തട്ടിപ്പുകളും കണ്ടുപിടിക്കും. അപ്പോൾ വിശദീകരിക്കാനാവാതെ കുഴങ്ങുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സർക്കാരുമായിരിക്കും. ഈ വിഷയത്തിൽ എൽഡിഎഫ് ഭരണമെന്നോ യുഡിഎഫ് ഭരണമെന്നോ വ്യത്യാസമില്ലാതെ പ്രതിക്കൂട്ടിലാകും.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം വാങ്ങി ദുരുപയോഗിക്കുന്ന വിദ്യാഭ്യാസവകുപ്പു നടപടികളിൽ പിടിവീഴും. ഉദാഹരണത്തിന്, ഭാഷാ പഠനത്തിന്റെ പേരിൽ, പൊതുഭാഷയായ ഹിന്ദിയെ എതിർക്കുന്ന കേരളം മാതൃഭാഷാ പോഷണത്തിന് കേന്ദ്ര സർക്കാരിൽനിന്ന് വാങ്ങുന്ന പണം എന്തിന് വിനിയോഗിക്കുന്നുവെന്നത് പരിശോധിക്കപ്പെടാം. അപ്പോൾ കള്ളി വെളിച്ചത്തുവരും.
കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയുടെ വിശകലനത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുവിവരമാണ്. മലയാളത്തിൽ പരീക്ഷയെഴുതിയത് 2,00,300 കുട്ടികളാണ്. ഇംഗ്ലീഷിൽ പരീക്ഷ എഴുതിയത് 2,18,000 കുട്ടികളും! ഇതെങ്ങനെ സാധിക്കും. കേരളത്തിൽ നിലവിലുള്ള നിയമപ്രകാരം മാതൃഭാഷയായ മലയാളം മീഡിയത്തിനുള്ളതിനേക്കാൾ കൂടുതൽ ഡിവിഷനുകൾ ഇംഗ്ലീഷിന് അനുവദിക്കാനാവില്ല. ഒരു സ്‌കൂളിൽ കുറഞ്ഞത് രണ്ടു ഡിവിഷൻ മലയാളം ആയിരിക്കണം. അതിനു ശേഷം ഡിവിഷൻ വേണ്ടിവന്നാൽ ആ മൂന്നാമത്തേത് വേണമെങ്കിൽ ഇംഗ്ലീഷാക്കാം. അപ്പോൾ കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 17,700 ‘ഇംഗ്ലീഷ് കുട്ടികൾ’ മലയാളം പഠിക്കുന്നവരേക്കാൾ കൂടാൻ പാടില്ല. ഇത് എങ്ങനെ സംഭവിക്കുന്നു. സ്വകാര്യ സ്‌കൂളുകളിലെ കുട്ടികൾ എന്ന് വിശദീകരിക്കാൻ പറ്റില്ല, കാരണം ഈ കണക്കുകൾ കേരള സിലബസിലെ കുട്ടികളുടേത് മാത്രമാണ്. സർവശിക്ഷാ അഭിയാനിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം വാങ്ങുന്നത് മാതൃഭാഷാ പോഷണത്തിനുകൂടിയാണ്. അന്വേഷണം വന്നാൽ വിശദീകരിക്കാനാവാതെ വരും. പിടിവീഴും.
ഭരണഘടനാ തത്ത്വങ്ങൾ അറിയാത്തതിനാലാണ് പണം വാങ്ങും പറയുന്നത് കേൾക്കില്ല എന്ന വാദത്തിന് അടിസ്ഥാനം. വിദ്യാഭ്യാസം ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കൺകറന്റ് പട്ടികയിലാണ്. സംസ്ഥാനങ്ങൾക്ക് പൂർണ നിയന്ത്രണമുള്ള സ്‌റ്റേറ്റ് പട്ടിക, കേന്ദ്രത്തിനു പൂർണ നിയന്ത്രണമുള്ള സെൻട്രൽ പട്ടിക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സംയുക്ത നിയന്ത്രണമുള്ള കൺകറന്റ് പട്ടിക എന്ന് മൂന്ന് വിഭാഗങ്ങൾ അതിലുണ്ട്. വിദ്യാഭ്യാസം, കൺകറന്റിലാണ്. അതായത് നിയമനിർമ്മാണം കേന്ദ്രവും സംസ്ഥാനങ്ങളും നടത്തേണ്ടിവരും വിദ്യാഭ്യാസ വിഷയത്തിൽ. ഭരണഘടന നിലവിൽവന്ന് 1976 ലഏാണ് 42 ാം അനുച്ഛേദ പ്രകാരം വിദ്യാഭ്യാസത്തെ കൺകറന്റിലാക്കിയത്. 2002 ൽ 86 ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസം മൗലികാവകാശമായത്. കൺകറന്റ് പട്ടികയിലായതിനാൽ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന് നയപരമായി എന്തും സംസ്ഥാനങ്ങളിൽ നേരിട്ടു നടപ്പിലാക്കാം. എന്നാൽ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ വിഷയത്തിൽ സംസ്ഥാന സർ്ക്കാരുകളുമായി സംഘർഷത്തിന് ഇറങ്ങിയേക്കില്ല.
പക്ഷേ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ളവ ദുരുപയോഗിക്കുകയോ വഴിമാറ്റി ചെലവഴിക്കുകയോ ചെയ്താൽ നടപടിക്ക് കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അതു പ്രകാരം പല നടപടികളിലും കേരള സർക്കാരിന്റെ പതിറ്റാണ്ടുകളായുള്ള നടപടിക്രമങ്ങളിൽ പിടിവീഴാനിട ഏറെയാണ്.
















