കൊളംബോ: നീതി ആദ്യം അവസാനത്തെ ആളിലേക്ക് എത്തണം, അത് ഉറപ്പാക്കുന്നതില്‍ നിയമസഹായ സംവിധാനങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷനുമായി സഹകരിച്ച് ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍ കൊളംബോയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ പ്രഭാഷണത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് .
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴിയും സംസ്ഥാന, ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ ശൃംഖലയിലൂടെയും, ലോകത്തിലെ ഏറ്റവും വലുതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നിയമ സഹായ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
‘നീതി ആദ്യം അവസാനത്തെ ആളിലേക്ക് എത്തണം. ഒരു തടവുകാരന്‍ നിയമ സഹായ ഹര്‍ജിയിലൂടെ സ്വാതന്ത്ര്യം വീണ്ടെടുക്കുമ്പോഴും, വര്‍ഷങ്ങളുടെ അവഗണനയ്‌ക്ക് ശേഷം ഒരു വിധവയ്‌ക്ക് പെന്‍ഷന്‍ ലഭിക്കുമ്പോഴും ഭരണഘടനയുടെ വാഗ്ദാനം പുതുക്കപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍, നിയമ സഹായസംവിധാനം സഹായത്തിനായുള്ള അപേക്ഷകള്‍ അവരുടെ അടുക്കല്‍ എത്തുന്നതുവരെ കാത്തിരിക്കുന്നില്ല. ആവശ്യമുള്ളവരെ അവര്‍ തിരിച്ചറിയുകയും, നടപടികള്‍ സ്വയം ആരംഭിക്കുകയും, കോടതികളില്‍ ഇടപെടുകയും ചെയ്യുന്നു. ഈ ഘടനയുടെ ഉദ്ദേശ്യം ലളിതമാണ്, അത്യന്താപേക്ഷിതവുമാണ് – സാമ്പത്തികമോ സാമൂഹികമോ ആയ തടസ്സങ്ങള്‍ കാരണം ഒരു പൗരനും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്‌ദേഹം പറഞ്ഞു.
















