ന്യൂദല്‍ഹി :കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അനുഭവവേദ്യമായ പഠനം എന്നിവയ്‌ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു സുപ്രധാന നാഴികക്കല്ലായി പിഎം ശ്രീ മാറുമെന്നും എക്‌സ് പോസ്റ്റില്‍ കുറിച്ചു. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജരാക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നല്‍കാന്‍ നമ്മള്‍ ഒന്നിച്ച് പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറിപ്പില്‍ പറഞ്ഞു.
















