പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന തർക്കം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കുന്നതിനായി രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പട്‌നയിലേക്ക് അയച്ചു. അവിടെ അദ്ദേഹം ആർജെഡി മേധാവി ലാലു പ്രസാദ് യാദവുമായും പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായും ഒന്നര മണിക്കൂർ ചർച്ച നടത്തി. മഹാസഖ്യത്തിന്റെ സഖ്യകക്ഷികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ, പ്രധാനമായും ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ളവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടും ഒരു തീരുമാനത്തിലെത്തിയില്ല. പക്ഷേ ഇന്നത്തോടെ എല്ലാം പരിഹരിക്കപ്പെടുമെന്ന് ഗെഹ്‌ലോട്ട് ചർച്ചകൾക്ക് ഒടുവിൽ ഉറപ്പുനൽകി.
നേരത്തെ ബീഹാർ കോൺഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവരു ആർജെഡി നേതാക്കളുമായി സംസാരിച്ചിരുന്നു, പക്ഷേ ഒരു സമവായത്തിലെത്താൻ കഴിഞ്ഞില്ല. തൽഫലമായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഗെഹ്‌ലോട്ടിനെ പട്‌നയിലേക്ക് അയച്ചത്. ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിൽ ഗെഹ്‌ലോട്ട് തേജസ്വി യാദവുമായി നേരിട്ട് സംസാരിച്ചിരുന്നു.
“നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസമാണ് നാളെ. ഞങ്ങൾക്ക് ഇപ്പോഴും 24 മണിക്കൂർ ഉണ്ട്. എല്ലാ പ്രശ്‌നങ്ങളും നാളെയോടെ പരിഹരിക്കപ്പെടും. നാളെ മഹാസഖ്യ നേതാക്കൾ സംയുക്ത പത്രസമ്മേളനം നടത്തും. അതിനുശേഷം, മുഴുവൻ സാഹചര്യവും വ്യക്തമാകും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.”- ഇന്നലെ രാത്രി വൈകി യോഗത്തിന് ശേഷം ഗെഹ്‌ലോട്ട് പറഞ്ഞു.
ബീഹാറിൽ 243 സീറ്റുകളുണ്ടെന്നും 5-10 സീറ്റുകളിലെ സൗഹൃദ പോരാട്ടങ്ങൾ വലിയ കാര്യമല്ലെന്നും പറഞ്ഞുകൊണ്ട് ഗെഹ്‌ലോട്ട് സീറ്റ് തർക്കത്തെ കുറച്ചുകാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എൻഡിഎയ്‌ക്കെതിരെ മഹാസഖ്യം ഐക്യത്തോടെ പോരാടും. രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
















