കോഴിക്കോട്: ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിന് നേരെ നടന്ന കഴിഞ്ഞ ദിവസം നടന്ന സമരം അക്രമാസക്തമായതിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിലെ പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ നേരത്തേ തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞുകയറി.
ഇവര്‍ കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് തീവയ്‌ക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും ചെയ്തു. പൊലീസിനെയും അക്രമിച്ചു. പരിശീലനം ലഭിച്ചവരാണ് ഇതൊക്കെ ചെയ്തതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ എത്തിക്കണം. അക്രമങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടുകയും സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു.
















