ന്യൂദല്‍ഹി: വീണ്ടും മോദിയുടെ നയതന്ത്രത്തിന് മുന്‍പില്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് തോറ്റുകൊടുത്തേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം സംബന്ധിച്ച പോര് അവസാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 50 പിഴത്തീരുവ പിന്‍വലിച്ചേക്കും എന്ന് മാത്രമല്ല, പഴയതുപോലെ തീരുവ 15ഓ 16ഓ ശതമാനത്തിലേക്ക് താഴ്ന്നേയ്‌ക്കും.
ഇതോടെ ഏതാനും മാസങ്ങളായി സ്തംഭിച്ച് നിന്ന ഇന്ത്യ-യുഎസ് ചരക്ക് നീക്കം വീണ്ടും സജീവമായേക്കും. മാത്രമല്ല, ഇന്ത്യ-യുഎസ് വ്യാപാരക്കരാറും വൈകാതെ ഒപ്പുവെച്ചേക്കുമെന്നും അറിയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്‌ക്കുകയോ നിര്‍ത്തുകയോ ചെയ്തേക്കുമെന്നും അറിയുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്കുള്ള എച്ച്1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് എന്ന വ്യവസ്ഥ ഇപ്പോള്‍ എച്ച് 1 ബി വിസ ഉള്ള ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 3 ലക്ഷം ഐടി ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്‌ക്കും. പൊതുവേ ഇന്ത്യയ്‌ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ പൊടുന്നനെ ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണ്. ഇത് നല്ല സൂചനയാണെന്ന് പറയപ്പെടുന്നു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഒരു വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തിയതായ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ കുറയ്‌ക്കുന്നതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ മത്സരക്ഷമത നേടാനും കയറ്റുമതി വർധിപ്പിക്കാനും സഹായിക്കും.
റഷ്യന്‍ എണ്ണയെക്കുറിച്ച് മൗനം പാലിച്ച് മോദി, കാര്‍ഷിക രംഗത്ത് വിട്ടുവീഴ്ചയ്‌ക്കില്ല
ഊർജ്ജം, കൃഷി എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ വ്യാപാര കരാർ. അമേരിക്കൻ വിപണിയിൽ വലിയ പ്രവേശനാനുകൂല്യങ്ങൾ നേടുന്നതിലൂടെ, ഇന്ത്യയും ചില ഇളവുകൾ അനുവദിച്ചേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ, ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത (Non-GMO) അമേരിക്കൻ ചോളം, സോയാബീൻ എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വലിയ സബ്സിഡി നല്കുക, ഇന്ത്യന്‍ വിപണി കൂടുതലായി തുറന്നുകൊടുക്കുക, ജനിതകമാറ്റം വരുത്തിയ അമേരിക്കയുടെ കാര്‍ഷികോല്‍പന്നങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക വിപണി തുറന്നുകൊടുക്കുക എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ തലവേദനകള്‍. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമായ മേഖലയാണ് കാര്‍ഷികരംഗം. ചെറുതും വലുതുമായ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ ആണ് ഈ രംഗത്തുള്ളത്.
വ്യാപാര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് സ്ഥിരീകരിച്ചു. ചർച്ചയിൽ ഊർജ്ജ വിഷയവും ഉൾപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞുവെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ടിട്ടില്ല. .
യുഎസിലേക്ക് ഇറക്കുമതി ചെയ്യാനുള്ള തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍, ചെമ്മീന്‍ കയറ്റുമതി വലിയ പ്രതിസന്ധിയിലായിരുന്നു. ഈ മേഖലയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമാകും.
ട്രംപുമായി സംസാരിച്ച കാര്യം മോദി എക്സിലൂടെ സ്ഥിരീകരിച്ചെങ്കിലും, ചർച്ച ചെയ്ത വിഷയങ്ങൾ എന്തെല്ലാമാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. .
















